ഇടുക്കി: പട്ടികവർഗ വിഭാഗക്കാർ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്തെ ഉന്നതി എന്ന് മാറ്റി വിളിക്കാനുള്ള ഉത്തരവിനെതിരെ വിമർശനവുമായി കോവൽമല രാജാവ് രാമൻ രാജമനനാൻ. ഈ സ്ഥലങ്ങളുടെയെല്ലാം പേര് മാറ്റിയത് കൊണ്ട് മാത്രം കാര്യമില്ല. പട്ടികവർഗ വിഭാഗക്കാരുടെ ജീവിത സാഹചര്യം കൂടി മെച്ചപ്പെടുത്തണമെന്നും കോവിൽമല രാജാവ് പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത നിരവധി ഊരുകൾ കേരളത്തിലുണ്ട്. അത്തത്തിലുള്ള ഊരുകളെ നോക്കി ഉന്നതി എന്ന് വിളിക്കുന്നത് പരിഹാസ്യമായിരിക്കും. ഊര് എന്നത് പാരമ്പര്യമായി ഉപയോഗിക്കുന്ന പദമാണ്. നമ്മുടെ ആളുകൾ തന്നെ താമസിക്കുന്ന സ്ഥലത്തെയാണ് പൊതുവായി സങ്കേതം എന്ന് വിളിക്കുന്നത്. ആ പദപ്രയോഗത്തിന് യാതൊരു തെറ്റുമില്ല. അത് ങ്ങനെ തന്നെ നിലനിൽക്കണമെന്നാണ് തങ്ങളുടെ താൽപ്പര്യം. കോളനി എന്ന പദമുപയോഗിക്കുന്നത് സ്വാഹതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലത്തൂരിൽ നിന്നുള്ള എംപിയായി തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം ഒഴിയുന്നതിന് മുൻപ് അവസാനമായി ഇറക്കിയ ഉത്തരവാണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്. പട്ടികവിഭാഗക്കാർ ഒന്നിച്ച് താമസിക്കുന്ന പ്രദേശങ്ങളെ കോളനി എന്ന് വിളിക്കുന്ന രീതി മാറ്റിക്കൊണ്ടായിരുന്നു അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. കോളനി എന്ന് അറിയപ്പെടുന്നത് പ്രദേശത്ത് താമസിക്കുന്നവരിൽ അപകർഷതാ ബോധവും അവമതിപ്പും ഉണ്ടാക്കുന്നതിനാലാണ് ഈ സുപ്രധാന തീരുമാനം.
പുതിയ ഉത്തരവവനുസരിച്ച് പട്ടികവർഗ വിഭാഗക്കാർ താമസിക്കുന്ന പ്രദേശങ്ങൾ ഇനിമുതൽ നഗർ എന്ന് അറിയപ്പെടും. സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് എന്ന പേര് പ്രകൃതി എന്നുമായിരിക്കും ഇന്ന് മുതൽ അറിയപ്പെടുക. ഓരോ പ്രദേശത്തും താൽപ്പര്യങ്ങൾക്കനുസരിച്ച് കാലാനുസൃതമായ പേരുകൾ ഉപയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നു. തർക്കങ്ങൾ ഒഴിവാക്കാനായി വ്യക്തികളുടെ പേരുകൾ നൽകുന്നത് പരമാവധി ഒഴിവാക്കാനും നിർദേശമുണ്ട്.
Discussion about this post