ശ്രീനഗർ: ദ്വിദിന ജമ്മു കശ്മീർ സന്ദർശനത്തിനായി ശ്രീനഗറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, 1500 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു. വെള്ളിയാഴ്ച നടക്കുന്ന അന്താരാഷ്ട്ര യോഗദിന പരിപാടികളിൽ പ്രധാനമന്ത്രി സംബന്ധിക്കും.
വികസനം മാത്രമാണ് ഒരു ആധുനിക സമൂഹത്തിന് മേൽഗതി നൽകുന്നതെന്ന് ജനങ്ങളെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി ശ്രീനഗറിൽ പറഞ്ഞു. വികസനത്തിന്റെ ഗുണഫലങ്ങൾ രാജ്യം തിരിച്ചറിഞ്ഞതിന്റെ ഫലമാണ് മൂന്നാം തവണയും എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നത്. പ്രവൃത്തിയിലും അതിന്റെ ഫലത്തിലും ഈ സർക്കാർ വിശ്വസിക്കുന്നു. മൂന്നാം തവണയും സർക്കാർ രൂപീകരിച്ചതിലൂടെ ഭാരതം ലോകത്തിന് നൽകുന്നത് സുസ്ഥിരതയുടെ സന്ദേശമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സുസ്ഥിരമായ ഭരണകൂടങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങൾക്ക് ലോകത്തിന്റെ സ്വീകാര്യതയും പിന്തുണയും ലഭിക്കും. ഇറ്റലിയിൽ അടുത്തയിടെ നടന്ന ജി7 ഉച്ചകോടിയിൽ ഇന്ത്യക്ക് ലഭിച്ച സ്വീകാര്യത ഇക്കാര്യങ്ങൾ അടിവരയിടുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഈ സന്ദർശന വേളയിൽ രണ്ട് കാര്യങ്ങളിൽ ഞാൻ സന്തുഷ്ടനാണ്. ജമ്മു കശ്മീരിന്റെ വികസനത്തുടർച്ചയാണ് സന്തോഷം പകരുന്ന ഒന്നാമത്തെ വിഷയം. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിലെ സഹോദരങ്ങളെ വീണ്ടും കാണാൻ സാധിക്കുന്നു എന്നതാണ് അടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post