എറണാകുളം :കൊച്ചി ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയത് അമിതവേഗത്തിൽ ബസ്സ് ഓടിച്ചു വന്ന് സഡൺ ബ്രേക്ക് ഇട്ടതാണ് എന്ന് നിഗമനം. മഴ പെയ്ത് നനഞ്ഞുകിടന്ന റോഡിൽ പെട്ടെന്ന് ഡ്രൈവർ ബ്രേക്ക് ചവിട്ടിയതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ബസിന്റെ പിന്നിലെ രണ്ടു ടയറുകളും ഏറെക്കുറെ തേഞ്ഞ നിലയിലായിരുന്നു.
ബൈക്ക് യാത്രികനായ ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. സംഭവത്തിൽ ഡ്രൈവർക്കെതിരെ മനപൂർവ്വമായ നരഹത്യക്ക് കേസെടുത്തു. തമിഴ്നാട് തെങ്കാശി സ്വദേശി പാൽപ്പാണ്ടിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ പാൽപ്പാണ്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇടപ്പള്ളി- അരൂർ ദേശീയ പാത ബൈപ്പാസിൽ വച്ച് ബസ് സിഗ്നൽ പോസ്റ്റിലിടിച്ച് ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു.
Discussion about this post