വയനാട്: മക്കിമലയിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ കമ്യൂണിസ്റ്റ് ഭീകരർ പരിശീലനം നടത്തിയതിന്റെ തെളിവുകളാണെന്ന സംശയത്തിൽ പോലീസ്. പരിശീലനം നടത്തിയതിന്റെ ബാക്കിയാണ് കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
വെടിമരുന്ന് കലർന്ന നിലയിൽ കണ്ടെത്തിയ കടലാസിൽ ചിലത് കമ്യൂണിസ്റ്റ് ഭീകരരുടെ ലഘുലേഖയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് സംഭവത്തിന് പിന്നിൽ ഭീകരരാണെന്ന് സ്ഥിരീകരിച്ചത്. വെടിമരുന്ന് കലർന്ന പത്രങ്ങൾ കണ്ണൂർ എഡിഷൻ 2023 ഡിസംബർ 15, മെയ് 15 എന്നീ തിയതികളിലേത് ആണ്. ആറളം കാടുകളിൽ ഒളിച്ചു കഴിയാറുള്ള കമ്യൂണിസ്റ്റ് ഭീകരർ ജനവാസ മേഖലകളിൽ എത്തുമ്പോൾ വീടുകളിൽ നിന്നും പത്രങ്ങൾ എടുക്കാറുണ്ട്. ഇത്തരത്തിൽ കരസ്ഥമാക്കിയ പത്രമാണ് ഇതെന്നാണ് കരുതുന്നത്.
പഴകിയ പത്ത് ജലാറ്റിൻ സ്റ്റിക്കുകൾ ആണ് മേഖലയിൽ നിന്നും കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം ബോംബ് കണ്ടെത്തിയ 50 മീറ്റർ ചുറ്റളവിൽ നിന്നായിരുന്നു ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തത്. ബോംബ് ഒരുക്കിയ സ്റ്റീൽ പാത്രത്തിൽ നിന്നും വെള്ളാരം കല്ലുകളും കണ്ടെത്തിയിട്ടുണ്ട്.
തമിഴ്നാട്ടിലെ തിരുച്ചിറ പള്ളിയിൽ നിന്നും കൊറിയർ വഴിയാണ് ഇവർ സ്ഫോടക വസ്തുക്കൾ എത്തിച്ചത് എന്നാണ് വിവരം. സ്ഫോടക വസ്തു ശേഖരത്തിനൊപ്പം ലഭിച്ച പേപ്പറിൽ വെട്രിവേൽ എക്സ്പ്ലോസീവ് എന്ന് എഴുതിയിട്ടുണ്ട്. ഈ സ്ഥാപനം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.










