തിരുവനന്തപുരം: സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന് മന്ത്രി വി ശിവൻകുട്ടി. ശുദ്ധമനസ് കൊണ്ട് പറഞ്ഞു പോകുന്നതാണ്. ഇപ്പോൾ തിരുത്താഞ്ഞത് അദ്ദേഹത്തിന് പനി ആയതു കൊണ്ടാണ് എന്നും മന്ത്രി പറഞ്ഞു.
പനി ആയതു കൊണ്ട് നിയമസഭയിലും മന്ത്രിസഭാ യോഗത്തിലും അദ്ദേഹം വന്നില്ല. അതാണ് കാരണമെന്നും ശിവൻകുട്ടി വ്യക്തമാക്കി. 10ാം ക്ലാസ് പാസായവർക്ക് എഴുത്തും വായനയും അറിയില്ലെന്ന സജി ചെറിയാന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പണ്ടും പലതും അങ്ങനെ പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്. തിരുത്താൻ സമയം കൊടുക്കാമെന്നും ശിവൻകുട്ടി പറഞ്ഞു.
ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് സജി ചെറിയാന്റെ വിവാദ പ്രസ്താവന. ജയിച്ചവരിൽ നല്ലൊരു ശതമാനത്തിനും എഴുത്തും വായനയും അറിയില്ല. പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്എസ്എൽസി തോറ്റാൽ സർക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാർട്ടികൾ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാരിന് നല്ല കാര്യമെന്നും സജി ചെറിയാൻ പറഞ്ഞു.
Discussion about this post