ന്യൂഡൽഹി :മഹാരാഷ്ട്രയിൽ സിക്ക വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിരീക്ഷണം ശക്തമാക്കാനും പരിസരം ഈഡിസ് കൊതുക് മുക്തമാണെന്ന് ഉറപ്പാക്കാൻ ഒരു നോഡൽ ഓഫീസറെ കണ്ടെത്താനും ആരോഗ്യ സ്ഥാപനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
ഗർഭിണികളായ സ്ത്രീകളെ പ്രത്യേകം ശ്രദ്ധിക്കണം. അണുബാധയേറ്റ ഗർഭിണികളുടെ ഭ്രൂണവളർച്ച പ്രത്യേകം നിരീക്ഷിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. മാരകമല്ലെങ്കിലും സിക്ക ബാധിച്ച ഗർഭിണികൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് വൈറൽ രോഗമായ സിക്കയുടെയും കാരണക്കാർ.
രോഗബാധിതനായ ഈഡിസ് കൊതു കുത്തുന്നതിലൂടെയാണ് സിക്ക വൈറസ് പ്രധാനമായും പകരുന്നത് . ഇത് ഗുരുതരമായ അണുബാധയല്ലെങ്കിലും ഗർഭിണിയായ സ്ത്രീയെ ബാധിച്ചാൽ ഭ്രൂണവളർച്ചയ്ക്ക് അപകടകരമാണ്.ഗർഭസ്ഥ ശിശുവിന്, അണുബാധ മൈക്രോസെഫാലി, മസ്തിഷ്‌ക വൈകല്യം അല്ലെങ്കിൽ കൺജെനിറ്റൽ സിക്ക സിൻഡ്രോം എന്ന് വിളിക്കപ്പെടുന്ന മറ്റ് ന്യൂറോളജിക്കൽ അവസ്ഥകൾക്കും കാരണമാകും.
Discussion about this post