പാലക്കാട്: സിനിമയിൽ വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇറച്ചി വ്യാപാരിയിൽ നിന്നും അരക്കോടിയിലധികം രൂപ തട്ടിയ സംവിധായകൻ അറസ്റ്റിൽ. പാലക്കാട് കരിമ്പ സ്വദേശി കാജാ ഹുസൈൻ ആണ് അറസ്റ്റിലായത്. സിനിമയിൽ പ്രധാന വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അകത്തേത്തറ സ്വദേശി മുഹമ്മദ് ഷെരീഫിൽ നിന്നും 67 ലക്ഷം രൂപയായിരുന്നു ഇയാൾ കൈപ്പറ്റിയത്.
തുടക്കത്തിൽ സഹായാഭ്യർത്ഥന എന്ന നിലയിൽ ആയിരുന്നു മുഹമ്മദിൽ നിന്നും കാജാ ഹുസൈൻ പണം വാങ്ങിയത്. രണ്ട് ലക്ഷം രൂപ നൽകി സഹായിക്കണം എന്നും, ഇതിന് പകരമായി സിനിമയിൽ ്പ്രധാന വേഷം നൽകാമെന്നുമായിരുന്നു കാജാ ഹുസൈൻ മുഹമ്മദിനോട് പറഞ്ഞത്. പിന്നീട് ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഇത്തരത്തിൽ പലതവണയായി പണം കാജാ ഹുസൈന് കൈമാറിയിരുന്നു.
എന്നാൽ സിനിമയിൽ വേഷമോ, ലാഭവിഹിതമോ ലഭിച്ചില്ല. ഇതോടെ മുഹമ്മദ് പണം തിരികെ ചോദിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കയ്യിൽ ഇല്ലെന്നും പിന്നീട് നൽകാമെന്നും ഇയാൾ പറഞ്ഞു. ഇത്തരത്തിൽ പല തവണ അവധി നൽകിയിട്ടും കാജാ ഹുസൈൻ പണം തിരികെ നൽകിയില്ല. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിന് പിന്നാലെ കാജാ ഹുസൈൻ മുൻകൂർ ജാമ്യവുമായി കോടതിയെ സമീപിച്ചു. എന്നാൽ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കള്ളന്മാരുടെ വീടെന്ന ചിത്രത്തിൽ പ്രധാന വേഷം നൽകാം എന്നായിരുന്നു കാജാ ഹുസൈന്റെ വാഗ്ദാനം.
Discussion about this post