കണ്ണൂർ: പടിയൂരിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽ പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എടയന്നൂരിലെ ഹഫ്‌സത്ത് മൻസിലിൽ ഷഹർബാനയുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്. പൂവം കടവിലെ വളവിൽ നിന്നും ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഒഴുക്കിൽ പെട്ട് കാണാതായ മറ്റൊരു വിദ്യാർത്ഥിയെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്. ചക്കരക്കൽ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസിൽ സൂര്യയെയാണ് (23) കണ്ടെത്താനുള്ളത്. ഇരിക്കൂർ സിബ്ഗ കോളേജിൽ ബിഎ സൈക്കോളജി വിദ്യാർത്ഥിനികളാണ് ഇരുവരും.
ജില്ലയിലെ അഗ്നിരക്ഷാസേന വിഭാഗങ്ങളിൽ നിന്നുള്ള സ്‌കൂബാ സംഘത്തിന്റെയും മുങ്ങൽ വിദഗ്ദരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്. വിദ്യാർത്ഥികളെ കാണാതായ പഴശ്ശി ജലസംഭരണിയിലെ പടിയൂർ പൂവംകടവിന്റെ മൂന്ന് കിലോമീറ്ററോളം വരുന്ന ഭാഗങ്ങളിലാണ് തിരച്ചിൽ നടത്തിയത്. ഈ തിരച്ചിലിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച്ച വൈകീട്ടോടെയാണ് ഇരുവരും ഒഴുക്കിൽ പെട്ടത്. പടിയൂരിലെ സഹപാഠിയുടെ വീട്ടിലെത്തിയ ഇവർ പുഴയിൽ ഇറങ്ങുകയായിരുന്നു. ഇതിനിടയിലാണ് ഇരുവരും ഒഴുക്കിൽ പെട്ടത്.
Discussion about this post