എറണാകുളം : അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കൊട്ടി മട്ടാഞ്ചേരി ആനവാതിൽ സ്വദേശി മുഹമ്മദ് അമാൻ ആണ് പിടിയിലായത്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സെഡേറ്റീവ്- ഹിപ്‌നോട്ടിക്‌സ് വിഭാഗത്തിൽപ്പെടുന്ന മയക്കുമരുന്നിന്റെ 75 ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.
സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എറണാകുളം എക്‌സൈസ് ഇന്റലിജൻസ്, എറണാകുളം സ്‌പെഷ്യൽ സ്‌ക്വാഡ് എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലാണ് മുഹമ്മദ് അമാൻ പിടിയിലായത്. പവർലിഫിറ്റിംഗ് മത്സരത്തിന് എന്ന് പറഞ്ഞ് വീട്ടുകാരിൽ നിന്ന് പണം വാങ്ങിയ ശേഷം ധൂർത്ത് അടിച്ച് കളഞ്ഞിരുന്നു. ഇത് അറിഞ്ഞ വീട്ടുകാർ പിന്നീട് പണം നൽക്കാതെയായി. ഇതേ തുടർന്ന് അമാൻ ഒരു മെഡിക്കൽ ഷോപ്പിൽ ജോലിക്ക് നിന്നിരുന്നു. അവിടെ നിന്ന് കിട്ടുന്ന പണം മതിവരാത്തതിനാൽ യുവാവ് അവിടെയുള്ള മയക്കുഗുളികകൾ മറച്ച് വിൽക്കുകയായിരുന്നു. വെറും ഒൻപത് രൂപ മാത്രം വിലയുള്ള ഒരു ഗുളിക 100 രൂപയ്ക്കാണ് യുവാവ് മറിച്ചുവിറ്റിരുന്നത് .
കലൂർ, പൊറ്റക്കുഴി, എളമക്കര ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ആളെക്കുറിച്ച് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് യുവാവ് കുറച്ച് ദിവസങ്ങളിലായി നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്നുമായി കലൂർ പൊറ്റക്കുഴി ഭാഗത്ത് ഇടപാടുകാരെ കാത്ത് നിൽക്കവേയായാണ് പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയത്.
ഇത്തരത്തിലുള്ള മയക്കുമരുന്ന് ഗുളികകൾ 10 ഗ്രാമിൽ കൂടുതൽ കൈവശം വയ്ക്കുന്നത് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗൗരവമേറിയ കുറ്റമാണ്. 15 ഗ്രാം വരുന്ന ഗുളികകളാണ് ഇയാളിൽനിന്ന് കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് സെഡേറ്റീവ്- ഹിപ്‌നോട്ടിക്‌സ് വിഭാഗത്തിൽപ്പെടുന്ന മരുന്ന് ഇത്രയും ഏറെ അളവിൽ പിടികൂടുന്നത്. ഷെഡ്യൂൾഡ് 4 വിഭാഗത്തിൽപ്പെടുന്ന ഈ മരുന്ന് അപൂർവം മെഡിക്കൽ ഷോപ്പുകളിലൂടെ മാത്രമേ ലഭ്യമാകൂ.
Discussion about this post