റോക്കറ്റ് പോലെ കുതിക്കുകയാണല്ലെ സ്വർണവില.എത്ര വില ഉണ്ടെന്ന് പറഞ്ഞാലും സ്വർണത്തിനോടുള്ള ഭ്രമം ആളുകൾക്ക് കുറയില്ല. അതിന്റെ തെളിവാണല്ലോ വിലയിങ്ങനെ കൂടിയിട്ടും ആളുകൾ സ്വർണം വാങ്ങാൻ കടകൾ കയറി ഇറങ്ങുന്നത്. എന്നാൽ സ്വർണത്തിനോട് ചതുർത്ഥിയുള്ള ഒരാളുണ്ട്. അതാരണപ്പാ എന്നല്ലേ.. മനുഷ്യനല്ല. ഒരു ഭീമൻ പർവ്വതമാണ്. വെറും പർവ്വതമല്ല അഗ്നിപർവ്വതം. അങ്ങ് ദൂരെ അന്റാർട്ടിക്കയിലെ സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നായ മൗണ്ട് എറെബസ് ആണ് സ്വർണത്തോട് നോ പറയുന്ന പർവ്വതം.
അഗ്‌നിപർവതത്തിനുള്ളിൽ നിന്നും പ്രതിദിനം ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണത്തരികൾ പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം നാസയുടെ എർത്ത് ഒബ്‌സർവേറ്ററി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.അന്റാർട്ടിക്കയിലെ തണുത്ത വായുവിലേക്ക് മൗണ്ട് എറെബസിൽ നിന്നും ഓരോ ദിവസവും 80 ഗ്രാം സ്വർണ്ണമെങ്കിലും പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. റോസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ അഗ്‌നിപർവതത്തിന് 12,448 അടി ഉയരമുണ്ട്. പർവതത്തിനുള്ളിൽ നിന്നും പ്രവഹിക്കുന്ന വാതക പോക്കറ്റുകൾക്കുള്ളിലാണ് സ്വർണത്തരികൾ അടങ്ങിയിരിക്കുന്നത്.
ഉയരത്തിൽ സ്ഥിതിചെയ്യുന്നത് കൊണ്ടുതന്നെ അഗ്‌നിപർവ്വതത്തിൽ നിന്നും മൈലുകൾ അകലെയുള്ള പ്രദേശങ്ങളിൽ വരെ ഈ തരികൾ വന്നു പതിക്കുന്നുണ്ട്. 20 മൈക്രോമീറ്ററിൽ താഴെ മാത്രമാണ് ഈ തരികളുടെ വലിപ്പം. സ്വർണം പുറന്തള്ളുന്ന പ്രതിഭാസം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനകളിൽ വായു പ്രവാഹത്തിന്റെ ശക്തിയിൽ നൂറുകണക്കിന് കിലോമീറ്ററുകൾ അകലെ വരെ ഇവ വന്നു പതിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.
അന്റാർട്ടിക്കയിലെ ഉൾപ്രദേശത്ത് സ്ഥിതിചെയ്യുന്ന സജീവമായ അഗ്‌നിപർവതമായതിനാൽ ഇതിനരികിലേക്ക് എത്തുക എന്ന കാര്യം ആലോചിക്കുകയേ വേണ്ട. ചുരുക്കി പറഞ്ഞാൽ ഇത്രയധികം സ്വർണം ഭൂമിയിൽ വന്ന് പതിക്കുന്നുണ്ടെങ്കിലും അത് സ്വന്തമാക്കാനുള്ള അവസരം മനുഷ്യർക്ക് ഇല്ല എന്നതാണ് നഗ്നസത്യം.
സ്വർണം പുറന്തള്ളുന്നതിനു പുറമേ മറ്റൊരു സവിശേഷത കൂടി മൗണ്ട് എറെബസിനുണ്ട്. കൊടുമുടിയിലെ ഗർത്തത്തിനുള്ളിൽ കണ്ടെത്തിയ ലാവാ തടാകമാണത്. സാറ്റലൈറ്റ് ചിത്രങ്ങളിൽ ലാവാ തടാകം ചുവപ്പു കലർന്ന നിറത്തിലാണ് കാണപ്പെടുന്നത്.
Discussion about this post