എറണാകുളം: അടുത്ത രണ്ട് മാസങ്ങളിൽ കേരളത്തിൽ നല്ല മഴ ലഭിച്ചാൽ പ്രളയസമാനമായ സാഹചര്യമുണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ നീത കെ ഗോപാൽ. ഓഖിയ്ക്ക് ശേഷം, സംസ്ഥാനത്തിന്റെ ഡിസാസ്റ്റർ മാനേജ്‌മെന്റ് മികച്ചതാക്കി മാറ്റിയിട്ടുണ്ട്. ഇനിയൊരു പ്രളയം വന്നാൽ, അതിനെ നേരിടാൻ കേരളം പൂർണ സജ്ജമാണെന്നും അവർ വ്യക്തമാക്കി.
മേഘ വിസ്‌ഫോടനം ഒരു കാലാവസ്ഥ പ്രതിഭാസമല്ലെന്നും അവർ വ്യക്തമാക്കി. മഴയുടെ തീവ്രതയെ വിശദീകരിക്കുന്ന ഒരു പദം മാത്രമാണ് മേഘവിസ്‌ഫോടനം. അടുത്ത 24 മണിക്കൂറിൽ വരാൻ പോകുന്ന മഴയുടെ തീവ്രത രേഖപ്പെടുത്താൻ മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ അലർട്ടുകൾ നൽകാറുണ്ട്. ഇവയുടെ അടുത്ത ഘട്ടമാണ് മേഘ വിസ്‌ഫോടനം. 24 മണിക്കൂറിനുള്ളിൽ 10 സെന്റീമീറ്റർ മഴയാണ് പെയ്യുന്നതെങ്കിൽ അത് കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാറില്ല. എന്നാൽ, ഇതേ അളവിലുള്ള മഴ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ ലഭിച്ചാൽ, അത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയേക്കാമെന്നും നീത കെ ഗോപാൽ പറഞ്ഞു.
മെയ്, ജൂൺ മാസങ്ങളിൽ നമുക്ക് ആവശ്യത്തിന് മഴ ലഭിച്ചിട്ടുണ്ട്. ഇൗ വെള്ളം മണ്ണിലും ജലസംഭരണികളിലും ശേഖരിച്ചിട്ടുണ്ടാകും. എന്നാൽ, ഇതിന് ശേഷം വരുന്ന ഓരോ മഴയും വെള്ളം ഉയരാൻ കാരണമാകും. ഇത് നദികളിലെയും പുഴകളിലെയുമെല്ലാം ജലനിരപ്പ് വർദ്ധിപ്പിക്കുന്നു. ആഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ ഉണ്ടായേക്കാവുന്ന ലാ നിനയും അധിക മഴയ്ക്ക് കാരണമായേക്കും. കേരളത്തിൽ ഇത്തവണ വെള്ളപ്പൊക്ക സാധ്യത തള്ളിക്കളയാനാകില്ല. എന്നാൽ, നേരത്തെ ഉണ്ടായ അനുഭവങ്ങൾ കാരണം തന്നെ ദുരന്ത സാഹചര്യങ്ങളെ നേരിടാൻ കേരളം സജ്ജരാണെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post