തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവർത്തകർ കയ്യേറ്റം ചെയ്ത കേരള സർവകലാശാലയിലെ കെഎസ്‌യു പ്രവർത്തകനും എംഎ വിദ്യാർത്ഥിക്കെതിരെ വീണ്ടും ഭീഷണി. കേസുമായി മുന്നോട്ട് പോയാൽ വച്ചേക്കില്ലെന്നായിരുന്നു ഭീഷണി. സാൻ ജോസിന്റെ സുഹൃത്തുക്കളോടായിരുന്നു എസ്എഫ്‌ഐ പ്രവർത്തകർ ഇക്കാര്യം പറഞ്ഞത്.
അവൻ ഇങ്ങോട്ട് തന്നെ വരുമെന്ന് പറഞ്ഞേക്കണം. കേസുമായി മുന്നോട്ടു പോവാനാണ് തീരുമാനമെങ്കിൽ വച്ചേക്കില്ലെന്ന് അറിയിക്കാനും എസ്എഫ്‌ഐക്കാർ സുഹൃത്തുക്കളോട് പറഞ്ഞതായും സാൻ ജോസ് പറയുന്നു. താൻ ബുധനാഴ്ച്ച മുതൽ കോളേജിൽ പോയി തുടങ്ങുമെന്നും സാൻ ജോസ് വ്യക്തമാക്കി. ക്യാമ്പസിൽ ഇടിമുറിയില്ലെന്ന അന്വേഷണ റിപ്പോർട്ട് ഏകപക്ഷീയമാണ്. ഇത് സംബന്ധിച്ച് വൈസ് ചാൻസലർക്ക് കത്ത് നൽകും. ഇടതുപക്ഷ അദ്ധ്യാപക സംഘടനയിലെ ഉന്നതരെ ഉൾപ്പെടുത്തിയാണ് രജിസ്ട്രാർ അന്വേഷണ സമിതി രൂപീകരിച്ചതെന്നും സാൻ ജോസ് പറഞ്ഞു.
കേസിൽ പ്രതികളായ എസ്എഫ്‌ഐ പ്രവർത്തകരെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറായിട്ടില്ല. പ്രതികൾക്ക് ഉടൻ നോട്ടീസ് അയക്കുമെന്നാണ് പോലീസ് പറയുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്. അതിനാൽ തന്നെ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നാണ് പോലീസ് പറയുന്നതെന്നും സാൻ ജോസ് കൂട്ടിച്ചേർത്തു. അതേസമയം, സാൻ ജോസിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെഎസ്‌യു രംഗത്ത് വന്നിട്ടുണ്ട്.
Discussion about this post