തിരുവനന്തപുരം: ഇ എം എസ് സർക്കാരിന്റെ മതപ്രീണനത്തിന്റെ സൃഷ്ടിയാണ് മലപ്പുറം ജില്ലയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു. മതസംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ന്യൂനപക്ഷ പ്രീണനത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ നിയോഗിച്ച സച്ചാർ കമ്മിറ്റി ശുപാർശ ചെയ്ത ആനുകൂല്യങ്ങൾക്ക് ഒപ്പം നിൽക്കാൻ എൽ ഡി എഫ് സർക്കാർ പാലൊളി കമ്മിറ്റിയെ നിശ്ചയിച്ച് അതനുസരിച്ചുള്ള ആനുകൂല്യങ്ങൾ മുസ്ലീങ്ങൾക്ക് നൽകിക്കൊണ്ട് പ്രീണന രാഷ്ട്രീയം മത്സരത്തിന്റെ തലത്തിലെത്തിച്ചു.
നമ്മുടെ ഭരണഘടന ഒരു മതത്തോടും പ്രത്യേക പരിഗണനയോ ആഭിമുഖ്യമോ പുലർത്തുന്നില്ല. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം തുടങ്ങിയ മതങ്ങളിലെ സാമൂഹികമായി അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് മാത്രമാണ് 27 ശതമാനം ഒബിസി സംവരണം. എന്നാൽ കേരളത്തിൽ മുസ്ലീങ്ങൾക്ക് മാത്രം 12 ശതമാനം സംവരണം നീക്കിവെക്കപ്പെട്ടു.
ഹിന്ദുക്കളിലെ പിന്നാക്കക്കാരെ ഉദ്ദേശിച്ച് നടപ്പിലാക്കിയ 50 ശതമാനം സംവരണത്തിലെ 18 ശതമാനവും ജാതീയ ഉച്ചനീചത്വങ്ങൾ തീരെ അനുഭവിക്കാത്ത ന്യൂനപക്ഷ മതക്കാർക്കാണ് സർക്കാർ നൽകുന്നത്. പട്ടികജാതി/ വർഗ സംവരണവും മുസ്ലീങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാർ അട്ടിമറിച്ചുവെന്നും കേരളകൗമുദിയിൽ എഴുതിയ ലേഖനത്തിൽ ആർ വി ബാബു ചൂണ്ടിക്കാട്ടി.
മതാടിസ്ഥാനത്തിലെ പിന്നാക്കാവസ്ഥ ഒരു തരത്തിലും സംവരണത്തിൽ പരിഗണിക്കരുതെന്ന വ്യവസ്ഥകൾ കേരളത്തിൽ അട്ടിമറിക്കപ്പെട്ടു. മതസംവരണം വീണ്ടുമൊരു വിഭജനത്തിന് വഴി തെളിക്കുമെന്നായിരുന്നു ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചയിൽ നെഹ്രു, സർദാർ പട്ടേൽ തുടങ്ങി ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ഭരണഘടനാ നിർമ്മാണ സഭയിലെ മുസ്ലീം അംഗങ്ങളിൽ, 23 പേരിൽ 13 പേരും മതസംവരണത്തെ എതിർത്തുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകിയത് വഴി രാഷ്ട്രീയ നേട്ടത്തിനായി അത് ദുരുപയോഗം ചെയ്യപ്പെടുകയാണ്. പട്ടിക ജാതി/ പട്ടിക വർഗ വിഭാഗങ്ങളെ നിശ്ചയിക്കുന്നത് പോലെ പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരവും കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും ആർ വി ബാബു ആവശ്യപ്പെട്ടു.
Discussion about this post