ന്യൂഡൽഹി: ശബരിമലയിലേക്കുള്ള അയ്യപ്പ ഭക്തരുടെ യാത്ര സുഗമമാക്കാൻ വാഹന സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട വിശ്വഹിന്ദു പരിഷത് നൽകിയ ഹർജിയ്‌ക്കെതിരെ സംസ്ഥാന സർക്കാർ. വിഎച്ച്പി നൽകിയ ഹർജി തള്ളണമെന്ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. നിലയ്ക്കൽ മുതൽ പമ്പവരെ സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് വിഎച്ച്പി സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
ഹർജി പരിഗണിച്ച കോടതി സംസ്ഥാന സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ഹർജി തള്ളണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. നിലയ്ക്കൽ മുതൽ പമ്പവരെ ബസ് സർവ്വീസ് നടത്താനുള്ള പൂർണ അധികാരം കെഎസ്ആർടിസിയ്ക്കാണ് എന്നാണ് സർക്കാർ വാദം.
തീർത്ഥാടകർക്കായി കെഎസ്ആർടിസി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 97 ഡിപ്പോകളിൽ നിന്ന് ബസുകൾ നിലയ്ക്കൽ പമ്പാ റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്. ബസുകളിൽ തീർത്ഥാടകർ നിന്നാണ് യാത്ര ചെയ്യുന്നത് എന്ന വാദം തെറ്റാണ്. ആവശ്യത്തിന് ബസുകൾ റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്. സർക്കാർ ഉത്തരവ് പ്രകാരം ആണ് പ്രത്യേക ചാർജ് ഈടാക്കുന്നത് എന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
20 ബസുകൾ വാടകയ്ക്ക് എടുത്ത് റൂട്ടിൽ സർവ്വീസ് നടത്തണം എന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ ഇതിന് നിലവിൽ കഴിയില്ല. അങ്ങിനെ ചെയ്താൽ അത് ചട്ടലംഘനം ആകുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post