ലണ്ടൻ: ബ്രിട്ടണിൽ തേനീച്ചകളോടെ കൂട്ടത്തോടെ കൊന്ന് മാരക രോഗം. അമേരിക്കൻ ഫൗൾബ്രൂഡ് എന്ന രോഗമാണ് തേനീച്ചകളെ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ആദ്യമായിട്ടാണ് ഈ രോഗത്തെ തുടർന്ന് ഇത്രയും തേനിച്ചകൾ ചാകുന്നത് എന്നാണ് റിപ്പോർട്ടുകൾ.
വടക്ക്- കിഴക്കൻ ഇംഗ്ലണ്ടിലെ തേനീച്ച കോളനികളിലാണ് രോഗം വ്യാപിക്കുന്നത്. 30 ഓളം തേനീച്ച കോളനികളിൽ ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ തുടർന്ന് തേനീച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയാണ്. തേനീച്ച വളർത്തൽ വരുമാനമാർഗ്ഗമാക്കിയവരെയും രോഗവ്യാപനം ബാധിച്ചിട്ടുണ്ട്.
ഗുസ്ബറോയുടെ 10 കിലോ മീറ്റർ പരിധിയിലെ കോളനികളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടുത്തെ 30 കോളനികൾക്ക് പുറമേ റെഡ്കാർ മേഖലയിലെ തേനീച്ച കോളനികളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. 2014 ന് ശേഷം ആദ്യമായിട്ടാണ് ഇത്രയും വിലയൊരു രോഗവ്യാപനം ഉണ്ടാകുന്നത്. തേനീച്ചകളുടെ ലാർവകളെ ബാധിക്കുന്ന ബാക്ടീരിയകളാണ് അമേരിക്കൻ ഫൗൾബ്രൂഡിന് കാരണം ആകുന്നത്.
രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കോളനികൾ തീയിട്ട് നശിപ്പിക്കുകയാണ് പോംവഴിയെന്ന് ക്ലെവെലാൻഡ് ബീകീപ്പേഴ്‌സ് അസോസിയേഷൻ അംഗം ജോൺ കാന്നിംഗ് പറയുന്നു. രണ്ട് തരത്തിലുള്ള ഫൗൾബ്രൂഡ് രോഗമാണ് തേനീച്ചകൾക്കിടയിൽ കണ്ടുവരുന്നത്. അമേരിക്കൻ ഫൗൾബ്രൂഡ്, യൂറോപ്യൻ ഫൗൾബ്രൂഡ് എന്നിങ്ങനെയാണ് രോഗങ്ങൾ. ഇതിൽ യൂറോപ്യൻ ഫൗൾബ്രൂഡ് ലണ്ടനിൽ സർവ്വ സാധാരണം ആണ്. എന്നാൽ അമേരിക്കൻ ഫൗൾബ്രൂഡ് അപൂർവ്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തേനീച്ച വളർത്തുന്നവർക്ക് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ അധികൃതരുമായി ബന്ധപ്പെടാനാണ് നിർദ്ദേശം.
Discussion about this post