തിരുവനന്തപുരം: കേരളത്തിലെ പിഎസ്‌സി അംഗത്വം കച്ചവടച്ചരക്കായി മാറിയിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇത് സംസ്ഥാന സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുക. പിഎസ്‌സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണം എന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് റിയാസിന്റെ പേരിൽ പ്രമുഖ സിപിഎം നേതാവ് പിഎസ് സി അംഗത്വം വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിഎസ്‌സിയിലെ അംഗങ്ങൾക്ക് മന്ത്രിമാരെക്കാളും ചീഫ് സെക്രട്ടറിയേക്കാളും ശമ്പളമുണ്ട്. മറ്റ് ആനുകൂല്യങ്ങളും ഉണ്ട്. അതുകൊണ്ടാണ് പിഎസ്‌സി അംഗത്വം കച്ചവടച്ചരക്കായി മാറിയത്. പിഎസ് സിയിലെ അംഗങ്ങൾ ആണ് ലക്ഷങ്ങൾ ആണ് മുടക്കുന്നത്. ഇവർ ഉദ്യോഗാർത്ഥികളിൽ നിന്നും വൻ തുക വാങ്ങുന്നു. ഇവർ യഥാർത്ഥത്തിൽ സർക്കാരിന് ബാദ്ധ്യതയാണ്. പിഎസ്സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്നും ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.
ഉന്നത ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയിൽ മൂന്നാണ് അംഗങ്ങളുടെ യഥാർത്ഥ എണ്ണം. എന്നാൽ ഈ സ്ഥാനത്ത് ഇപ്പോൾ 21 പേരുണ്ട്. മുന്നണി സംവിധാനത്തിൽ ചെറിയ ഘടകകക്ഷികൾക്കും അംഗത്വം വീതം വെയ്ക്കണ്ടി വന്നതു കൊണ്ടാണ് അംഗസംഖ്യ പലപ്പോഴായി കൂട്ടേണ്ടി വന്നതെന്ന് ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.
അതേസമയം പിഎസ് സി അംഗത്വം വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിട്ടുണ്ട്. പിഎസ് സിയിൽ വഴിവിട്ട കാര്യങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. നിയമസഭയിൽ ആയിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. ഭരണഘടന അനുസരിച്ച് നല്ല രീതിയിൽ നടക്കുന്ന സ്ഥാപനം ആണ് പി എസ് സി. ഈ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ പണ്ടും ശ്രമം നടന്നു. തട്ടിപ്പ് നടന്നാൽ അതിന്റെ ഭാഗമായുള്ള നടപടികളും ഉണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post