എറണാകുളം: കേരളത്തിന്റെ അഭിമാനമായ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലെ പൊതുശുചിമുറികൾ കാടുകയറി നശിക്കുന്നു. ദിവസവും ആയിരങ്ങൾ വന്നുപോവുന്ന സ്‌റ്റേഡിയത്തിലെ ശുചിമുറികളാണ് മാസങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നത്. പൂട്ടിക്കിടക്കുന്ന ശുചിമുറി കെട്ടിടങ്ങൾക്ക് ചുറ്റും മാലിന്യവും കുന്നുകൂടിയിരിക്കുകയാണ്.
രണ്ട് വർഷങ്ങൾക്ക് മുൻപാണ് സ്‌റ്റേഡിയത്തിൽ ജിസിഡിഎ സ്‌റ്റേഡിയത്തിൽ വരുന്ന പൊതുജനങ്ങൾക്കായി ശുചിമുറികൾ നിർമിച്ചു നൽകിയത്. 5,40000 രൂപയാണ് ശുചിമുറി നിർമാണത്തിനായി ചിലവിട്ടിട്ടുള്ളത്. എന്നാൽ, ദിവസങ്ങൾക്കകം തന്നെ ഇവ ജനങ്ങൾക്ക് ഉപയോഗിക്കാനാവാത്ത വിധം ശോചനീയാവസ്ഥയിലാകുകയായിരുന്നു. ഇതോടെ അധികൃതർ കെട്ടിടം പൂട്ടി. നാല് മാസങ്ങൾക്ക് മുൻപ് കെട്ടിടം വീണ്ടും തുറന്ന് നൽകിയെങ്കിലും വൈകാതെ തന്നെ ഇത് വീണ്ടും പൂട്ടേണ്ടി വന്നു.
വിവിധ വ്യവസായ സ്ഥാപനങ്ങളിലായി സ്ത്രീകളുൾപ്പെടെ നിരവധി പേരാണ് സ്‌റ്റേഡിയത്തിനു ചുറ്റുമായി ജോലി ചെയ്യുന്നത്. എന്നാൽ, ഇവർക്ക് പ്രാഥമീകാവശ്യങ്ങൾക്കായി സമീപത്തുള്ള കെഎസ്ഇബിയുടെ ശുചിമുറിയും സ്വകാര്യ സ്ഥാപനങ്ങളുടെ ശുചിമുറിയുമെല്ലാം ഉപയോഗിക്കേണ്ട അവസ്ഥയാണ്. പൊതുശുചിമുറിയ്ക്ക് ചുറ്റും മാലിന്യം നിറഞ്ഞ് പ്രദേശത്ത് കൊതുകു ശല്യവും ഈച്ച ശല്യവും പതിവാണെന്ന് പ്രദേശത്തുള്ളവർ പരാതി പറയുന്നു. പല തവണയായി ശുചിമുറി ആവശ്യം ഉന്നയിച്ചിട്ടും ഇതുവരെയും നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് നാട്ടുകാർ കൂട്ടിച്ചേർത്തു.













Discussion about this post