കോഴിക്കോട്: യാത്രക്കാർ ഇല്ലാത്തതിനെ തുടർന്ന് നവകേരള ബസിന്റെ സർവ്വീസ് മുടങ്ങി. ചൊവ്വാഴ്ച മുതൽ സർവ്വീസ് നിർത്തിവച്ചിരിക്കുകയാണെന്നാണ് വിവരം. 5 പേർ മാത്രമാണ് ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. തിങ്കളാഴ്ച സർവ്വീസ് നടത്തിയെങ്കിലും വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഗരുഡ പ്രീമിയം ബസായി കോഴിക്കോട്-ബംഗളൂരു റൂട്ടിലാണ് നവകേരള സർവ്വീസ്. ബുക്ക് ചെയ്യാതെ വഴിയിൽ നിന്ന് യാത്രക്കാർ കയറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു. സർവീസ് മുടങ്ങിയ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മറ്റ് ബസുകളിൽ ബംഗളൂരുവിലേക്ക് അയയ്ക്കുകയായിരുന്നു.
നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്. ആധുനിക രീതിയിൽ എസി ഫിറ്റ് ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് കയറുന്നതിനായി പ്രത്യേകം തയാറാക്കിയ, യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റും ക്രമീകരിച്ചിരുന്നു. ശുചിമുറി, വാഷ്‌ബേസിൻ, ടിവി, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സംവിധാനങ്ങളുമുണ്ട്.
Discussion about this post