തൃശ്ശൂർ :വീട്ടു പരിസരത്ത് ധാരാളമായി കൊതുക് കൂത്താടികൾ ഉണ്ടോ ? എന്നാൽ സൂക്ഷിച്ചോ അല്ലെങ്കിൽ പണി പിന്നാലെ വരും. വീട്ടു പരിസരത്ത് ധാരാളമായി കൊതുക് കൂത്താടികളെ കണ്ടെത്തിയതിനെത്തുടർന്ന് വീട്ടുടമസ്ഥന് രണ്ടായിരം രൂപപിഴയടയ്ക്കാൻ കോടതി ഉത്തരവിട്ടു. കേരള പൊതുജനാരോഗ്യനിയമം 2023 പ്രകാരമാണ് ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ കോടതിയുടെ വിധി. ഈ നിയമപ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ ശിക്ഷാ വിധിയാണിത് .
ഡെങ്കിപ്പനി വർധിച്ച സാഹചര്യത്തിൽ ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്രവൈസർ കെ പി ജോബി പൂല്ലൂർ കോക്കാട്ട് വീട്ടിൽ ആന്റുവിനെതിരെ എടുത്ത കേസിലാണ് രണ്ടായിരം രൂപ പിഴ അടയ്ക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട ജുഡീഷൽ ഫസ്റ്റ് ക്‌ളാസ് ജൂഡീഷൽ കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.
ഇയാളുടെ വീട്ടുപരിസരത്ത് ധാരാളമായി കൊതുക് കൂത്താടികളെ കണ്ടെത്തിയ സാഹചര്യത്തിലാണ് കേസ് എടുത്തത്. മെയ് 26 നാണ് കേസ് ഫയൽ ചെയ്തത്. ജില്ലയിൽ സമാനമായ രീതിയിൽ ഒലൂരും കേസ് ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ വിധി ആയിട്ടില്ല.
കൊതുകിന്റെ വളർച്ചയെ എങ്ങനെ തടയാം
* സന്ധ്യാസമയത്തു വീടിനു സമീപം തുളസിയില, വേപ്പില തുടങ്ങിയവ പുകയ്ക്കുന്നതു കൊതുകിനെ അകറ്റും.
* വീടിനടുത്തുള്ള മലിനജല ഓടകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഉണ്ടാകാതെ ശ്രദ്ധിക്കുക.
* വെള്ളക്കെട്ടുകൾ ഒഴുക്കിക്കളയാൻ കഴിയുന്നില്ലെങ്കിൽ അവയിൽ മണ്ണെണ്ണയോ കരിഓയിലോ ഒഴിക്കുക.
* വീടിനു സമീപത്തു മലിനജലം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
Discussion about this post