തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ ചരക്കുകപ്പൽ എത്തിയതോടെ പദ്ധതിയുടെ ക്രെഡിറ്റ് സ്വന്തം പേരിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പരിഹാസം ശക്തമാകുന്നു. വിജയവഴിയിൽ വിഴിഞ്ഞം എന്ന ക്യാപ്ഷനിൽ മുഖ്യമന്ത്രിയിട്ട ഫോട്ടോയ്ക്ക് താഴെയാണ് ആളുകൾ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സ്വയം തരം താഴ്ന്ന് എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്നാണ് പരിഹാസം.
വിഴിഞ്ഞം പദ്ധതിക്കെതിരെ ആദ്യം ശബ്ദമുയർത്തിയതും മലയാളിയുടെ വികസനമോഹമറവിൽ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന അഴിമതിയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് ആരോപിച്ച പിണറായി വിജയൻ തന്നെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കുമ്പോഴുള്ള വിരോധാഭാസമാണ് പോസ്റ്റിന് താഴെ കമന്റായി ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.
കടൽ കൊള്ള എന്ന് നിരന്തരം അധിക്ഷേപിച്ചാണ് സിപിഎം വിഴിഞ്ഞം പദ്ധതിയെ എതിർത്തതും സമരങ്ങൾ സംഘടിപ്പിച്ചതും. എന്നാൽ പിന്നീട് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതോടെ പതിയെ കളം മാറ്റി ചവിട്ടുകയായിരുന്നു. കടൽക്കൊള്ള സ്വപ്‌നപദ്ധതിയെന്നായി പ്രസംഗങ്ങളിൽ. 2015 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. പിന്നാലെ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. അയ്യായിരം കോടിയുടെ ഭൂമി തട്ടിപ്പും കടൽക്കൊള്ളയും എന്ന പേരിൽ കൈരളി, ദേശാഭിമാനി തുടങ്ങിൽ പാർട്ടി മാദ്ധ്യമങ്ങൾ പ്രചരണങ്ങളും ആരംഭിച്ചു. എന്നാൽ പിന്നീട് അധികാരത്തിലെത്തിയ ശേഷം മുൻപ് ഉയർത്തിയ ആരോപണങ്ങൾ മറന്ന പിണറായി പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു. 5000 കോടിയുടെ അഴിമതി അങ്ങനെ 7525 കോടിയുടെ സ്വപ്‌ന പദ്ധതിയായി. കേന്ദ്രസർക്കാരിന്റെ പൂർണ പിന്തുണയോടും സഹകരണത്തോടും കൂടെ നടപ്പിലാക്കിയ പദ്ധതിയാണിപ്പോൾ ഇടതുപക്ഷവും മുഖ്യമന്ത്രിയും കൂടെ ക്രഡിറ്റ് ഒറ്റയ്ക്ക് അടിച്ചെടുക്കുന്നത്.
Discussion about this post