നല്ല ദാമ്പത്യത്തിനും പ്രണയ ബന്ധത്തിനും വില്ലനാകുന്ന ഒന്നാണ് പങ്കാളിയെ നിയന്ത്രിക്കുന്ന സ്വഭാവം. പല ബന്ധങ്ങളും പാതിവഴിയിൽ തകർന്നു പോകുന്നതിന് പങ്കാളിയുടെ ഈ സ്വഭാവം കാരണം ആകും. അതിനാൽ ആരോഗ്യകരമായ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഈ സ്വഭാവം പൂർണമായും ഒഴിവാക്കിയേ മതിയാകൂ. നിയന്ത്രണം എപ്പോഴും പങ്കാളിയ്ക്ക് മാനസിക സമ്മർദ്ദം ആണ് നൽകുക.
ഈ സ്വഭാവം ഒഴിവാക്കാൻ ആദ്യം സ്വയം ഈ സ്വഭാവം ഉണ്ടെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. എന്തുകൊണ്ടാണ് പങ്കാളിയെ നിയന്ത്രിക്കാൻ തോന്നുന്നത് എന്ന് സ്വയം ചിന്തിക്കാം. തുടർന്ന് ഇത് പതിയെ മാറ്റിയെടുക്കുകയാണ് വേണ്ടത്. ഇതിന് പങ്കാളിയുടെ തന്നെ സഹായം തേടുന്നതിലും തെറ്റില്ല.
സ്‌നേഹത്തെക്കാൾ പരസ്പര വിശ്വാസം ആണ് ബന്ധങ്ങളെ ദൃഢമുള്ളതാക്കുന്നത്. അതിനാൽ പരസ്പരം വിശ്വസിക്കാം. പങ്കാളിയോട് തോന്നുന്ന വിശ്വാസക്കുറവിൽ നിന്നാണ് പലപ്പോഴും ഇത്തരത്തിൽ നിയന്ത്രിക്കാനുള്ള മനോഭാവം നമ്മളിൽ ഉണ്ടാകുന്നത്.
വിശ്വാസക്കുറവ് പോലെ തന്നെ പങ്കാളിയെ നിയന്ത്രിക്കാനുള്ള മനോഭാവത്തിലേക്ക് നയിക്കുന്ന മറ്റൊന്നാണ് ഉത്ഖണ്ഡ. യോഗ, ധ്യാനം തുടങ്ങിയ പരിശീലിക്കുന്നതിലൂടെ ഇത് മറികടക്കാൻ സാധിക്കും. പിരിയുമോ എന്ന ഭയവും മറ്റൊരു കാരണമാണ്.
നമ്മുടെ കാര്യങ്ങളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പങ്കാളിയെ നിയന്ത്രിക്കുന്ന സ്വഭാവം ഇല്ലാതാക്കാൻ സഹായിക്കും. സ്വയം ശ്രദ്ധിക്കുന്നത് നമുക്ക് കൂടുതൽ സന്തോഷം നൽകും. സ്വന്തം ജീവിതം മികച്ചതാക്കാനും ഇതിലൂടെ സാധിക്കും.
സ്വന്തം വികാരങ്ങളെക്കുറിച്ച് പങ്കാളിയുമായി ആശയവിനിമയം നടത്തുന്നത് ബന്ധം ദൃഢമാക്കും. അങ്ങോട്ടും ഇങ്ങോട്ടും എല്ലാകാര്യങ്ങളും പങ്കുവയ്ക്കുന്നതോടെ പങ്കാളികൾ തമ്മിലുള്ള വിശ്വാസം വർദ്ധിക്കും. ഇത് നിയന്ത്രിക്കുന്ന സ്വഭാവം മാറുന്നതിന് കാരണം ആകും.
Discussion about this post