തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. തുറമുഖത്ത് എത്തിയ സാൻഫെർണാണ്ടോ കപ്പലിനും അതിലെ ക്യാപ്റ്റനും മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. പരിപാടിയിൽ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളും പങ്കെടുക്കും.
ഇന്ന് രാവിലെ 10 മണിയ്ക്കാണ് തുറമുഖത്തുവച്ച് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങുകൾ പൂർത്തിയായ ശേഷം ബാക്കിയുള്ള കണ്ടെയ്‌നറുകൾ കൂടി തുറമുഖത്ത് ഇറക്കും. ശേഷം കപ്പൽ തുറമുഖത്ത് നിന്നും തിരിയ്ക്കും. ഇവിടെ നിന്നും കൊളംബോ തീരത്തേയ്ക്കാണ് കപ്പലിന്റെ യാത്ര. വൈകീട്ട മൂന്ന് മണിയോടെ സാൻഫെർണാണ്ടോ കൊളംബോ തീരത്ത് എത്തും.
ഇന്നലെ രാവിലെയോടെയാണ് ആദ്യ കപ്പലാണ് സാൻഫെർണാണ്ടോ വിഴിഞ്ഞത്ത് എത്തിയത്. കപ്പലിന് വാട്ടർ സല്യൂട്ട് നൽകി സംസ്ഥാനം സ്വീകരിച്ചു. ഇതിന് പിന്നാലെ ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കിയ ശേഷം ചരക്കുകൾ ഇറക്കുകയായിരുന്നു. രണ്ടായിരത്തോളം കണ്ടെയ്‌നറുകൾ ആയിരുന്നു തീരത്ത് ഇറക്കിയത്. ഇവയിൽ ഭൂരിഭാഗം കണ്ടെയ്‌നറുകളിലും തുറമുഖ നിർമ്മാണത്തിനുള്ള സാമഗ്രികൾ ആണ്.
അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ രാഷ്ട്രീയ പോരും കനക്കുകയാണ്. ഉദ്ഘാടന പരിപാടിയിലേക്ക് സർക്കാർ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടില്ല. ഇതിൽ വലിയ എതിർപ്പാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഉള്ളത്. വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. എന്നാൽ പദ്ധതി പൂർത്തിയായപ്പോൾ ക്രെഡിറ്റ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് യുഡിഎഫിനെ പൂർണമായും അവഗണിച്ചുവെന്നാണ് ആക്ഷേപം.
Discussion about this post