നമ്മൾ എല്ലാവരും പൊള്ളലേറ്റാൽ ആദ്യം ചെയ്യുന്നത് ടൂത്ത് പേസ്റ്റ് എടുത്ത് തേച്ച് പിടിപ്പിക്കും എന്നതാണ്. മിക്ക ആളുകളും ഇങ്ങനെ തന്നെയായിരിക്കും. എന്നാൽ പൊള്ളലേൽക്കുന്ന ഭാഗത്ത് പേസ്റ്റോ തേനോ പുരട്ടരുത് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
അങ്ങനെ എങ്കിൽ പിന്നെ എന്താണ് ചെയ്യുക ? മറ്റൊന്നുമല്ല. പൊള്ളലേറ്റാൽ പ്രാഥമിക ചികിത്സ എന്നത് പച്ചവെള്ളം തുടർച്ചയായി ഒഴിക്കുക എന്നതാണ്. കൈകൊണ്ട് ഉരസാതെ പൈപ്പിൻ ചുവട്ടിൽ പൊള്ളലേറ്റ ഭാഗം വെയ്ക്കുക. ശുദ്ധജലം കൊണ്ട് മാത്രമേ കഴുകാവൂ. ഇത്തരത്തിൽ 20 മിനിറ്റോളം പൈപ്പിന് ചുവട്ടിൽ വെക്കാവുന്നതാണ്. കുമിളകൾ രൂപപ്പെട്ടുവെങ്കിൽ അത് പൊട്ടാതെ സൂക്ഷിക്കണം.പിന്നീട് നല്ല വൃത്തിയുള്ള തുണി ഉപയോഗിച്ച് പൊതിയുക. അല്ലാതെ ഐസ് , ഐസ് വാട്ടർ പേസ്റ്റ് എന്നിവ ഒന്നും അവിടെ പരീക്ഷിക്കരുത്.
പൊള്ളലേറ്റ ഭാഗത്ത് ചുവക്കുകയും തടിക്കുകയും ചെയ്യുന്നതാണ് ഫസ്റ്റ് ഡിഗ്രി പൊള്ളൽ. ചർമ്മത്തിന് നേരിയ നിറവ്യത്യാസവും കാണും. ചർമ്മത്തിന്റെ പകുതിയോളം ആഴത്തിൽ പരിക്ക് പറ്റുന്ന പൊള്ളലാണ് സെക്കൻഡ് ഡിഗ്രി പൊള്ളൽ. ഇത്തരത്തിൽ പൊള്ളിയാൽ തൊലിപുറത്ത് കുമിളകൾ രൂപപ്പെടും. തൊലി കരിഞ്ഞുപോകുന്ന അവസ്ഥയാണ് തേർഡ് ഡിഗ്രി പൊള്ളൽ. ഇതുമൂലം ചർമ്മത്തിലെ നാഡികൾ, പേശികൾ, എന്നിവയ്ക്ക് പരിക്കേൽക്കാം.
ഫസ്റ്റ് ഡിഗ്രി പൊള്ളലാണെങ്കിൽ ഡോക്ടറെ കാണണമെന്ന് നിർബന്ധമില്ല. മറിച്ച് സെക്കൻഡ്, തേർഡ് ഡിഗ്രി പൊള്ളലുകളാണെങ്കിൽ വൈദ്യസഹായം തേടുന്നതാണ് നല്ലത്.
Discussion about this post