പാലക്കാട്: ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘത്തെ രക്ഷിച്ച് ഫയർഫോഴ്‌സ്. മൈസൂർ സ്വദേശികളായവരെ അതീവ സാഹസികമായാണ് കരയ്‌ക്കെത്തിച്ചത്. പ്രായമായ സ്ത്രീയുൾപ്പെടെയാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു നാലംഗ സംഘം. എന്നാൽ ഇതിനിടെ പുഴയിലെ ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ സംഘത്തിലുണ്ടായിരുന്ന മറ്റ് ചിലർ കരയ്‌ക്കെത്തി. എന്നാൽ നാലംഗ സംഘത്തിന് കരയ്‌ക്കെത്താൻ കഴിഞ്ഞില്ല. പുഴയിലെ ഒഴുക്ക് കൂടുതൽ ശക്തമാകാൻ തുടങ്ങിയതോടെ കരയിൽ ഉള്ളവർ വിവരം നാട്ടുകാരെയും ഫയർഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ അവിടെയെത്തി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം ആരംഭിച്ചു. വടംകെട്ടിയായിരുന്നു ഇവരെ കരയിൽ എത്തിച്ചത്. ആദ്യം ഇവരുടെ കൂടെയുണ്ടായിരുന്ന പ്രായമായ സ്ത്രീയെ ആണ് ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് കരയ്‌ക്കെത്തിച്ചത്. ഇതിന് പിന്നാലെ മറ്റ് മൂന്ന് പേരെയും സുരക്ഷിതമായി എത്തിക്കുകയായിരുന്നു. ശക്തമായ നീരൊഴുക്കിനിടെ അരമണിക്കൂർ കൊണ്ടായിരുന്നു ദൗത്യം പൂർത്തിയാക്കിയത്.
പാലക്കാട് ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് അണക്കെട്ടുകളിലെയും മറ്റ് ജലാശയങ്ങളിലെയും ജലനിരപ്പും വർദ്ധിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നിരുന്നു. ഇതാണ് ചിറ്റൂർ പുഴയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരാൻ കാരണം ആയത്.
Discussion about this post