ന്യൂഡൽഹി : ജമ്മുവിൽ നിലവിൽ 50 ലധികം പാക് ഭീകരർ തമ്പടിച്ചിരിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. പാക് സൈന്യത്തിന്റെ സഹായത്തോടെ ജമ്മുവിലെ ഭീകരരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണെന്നും പ്രദേശത്തെ ആക്രമണങ്ങൾക്ക് പിന്നിൽ ഇവരാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നേരത്തെ ജമ്മുവിലെ കിഷ്ത്വാറിൽ മൂന്ന് ഭീകരരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അവരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. ചെറുപ്പക്കാരായ യുവാക്കൾക്ക് തീവ്രവാദ പരിശീലനം നൽകി അവരെ ഭീകരപ്രവർത്തനങ്ങളിലേർപ്പെടുത്തുന്നതിൽ പാക് സൈന്യത്തിന് പങ്കുണ്ട്. പ്രദേശത്തെ ജനങ്ങളുമായി ഒരു തരത്തിലുളള സമ്പർക്കവും പുലർത്താതെ അതിജീവിക്കാൻ ഭീകരർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. അത് കൂടാതെ, ഓൺ ഗ്രൗണ്ട് വർക്കേഴ്‌സിന്റെ സഹായമില്ലാതെ തന്നെ അവർ രഹസ്യങ്ങൾ കണ്ടെത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടിലുണ്ട്.
കശ്മീർ പരന്ന ഭൂപ്രദേശമായതിനാൽ ഇവിടെ നിരീക്ഷണം എളുപ്പമാക്കുന്നു. എന്നാൽ പൂഞ്ച്-രജൗരി എന്നിവിടങ്ങളിൽ ഉയർന്നതും താഴ്ന്നതുമായ സ്ഥലങ്ങളുണ്ട്. തീവ്രവാദം പ്രചരിപ്പിക്കാൻ വേണ്ടി സംഘടനകൾ ആക്രമണങ്ങളുടെ വീഡിയോകൾ ലഷ്‌കർ ഈ ത്വായ്ബയുടെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളിലൂടെയും മറ്റും പങ്കുവെയ്ക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
തിങ്കളാഴ്ച രാത്രി ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ വനമേഖലയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ ഒരു സൈനിക ഉദ്യോഗസ്ഥനും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post