എറണാകുളം: ഏറ്റവും വലിയ തന്റെ സ്വപ്‌നമായിരുന്നു മാതംഗി എന്ന നൃത്തവിദ്യാലയമെന്ന് സിനിമാ താരം നവ്യ നായർ. എന്നാൽ, ഈ സ്വപ്‌നം നിറവേറാൻ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നവ്യ നായർ തന്റെ അനുഭവം പങ്കുവച്ചത്.
നിരവധി സ്വപ്‌നങ്ങളുമായി ഏറെ സന്തോഷത്തോടു കൂടിയാണ് താൻ മാതംഗിയുടെ പണിയാരംഭിച്ചത്. ഒരു നൃത്ത വിദ്യാലയം തുടങ്ങാൻ പോകുന്നുവെന്ന് പറയുമ്പോൾ ഏവരും വളരെ സന്തോഷത്തേതാടെ അതിനെ കാണുമെന്ന് തന്നെയാണ് കരുതിയത്. അതേ സന്തോഷത്തോടു കൂടിതന്നെ ഇവിടെ അസോസിയേഷൻ ഉൾപ്പെടെ എല്ലാവരോടും അതേപ്പറ്റി പറഞ്ഞു.
എന്നാൽ, ഇക്കാര്യം പറഞ്ഞപ്പോൾ തന്നെ നൃത്തവിദ്യാലയം തുടങ്ങാൻ കഴിയില്ലെന്നാണ് ഇവിടെയുള്ളവർ പറഞ്ഞത്. കെട്ടിടത്തിന് സമീപം താമസിക്കുന്നവർ പലരും പ്രായമുള്ളവരാണെന്നും നൃത്തവിദ്യാലയം തുടങ്ങുന്നത് അവരുടെ സ്വകാര്യതയ്ക്കും സ്വയ്‌ര്യ വിഹാരത്തിനും തടസമാകുമെന്നുമാണ് അവർ പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടി അവർ പണി നിർത്തി വയ്ക്കാനായി കോടതിയിൽ നിന്നും സ്‌റ്റേ ഉൾപ്പെടെ വാങ്ങിയിരുന്നുവെന്നും നവ്യ പറയുന്നു.
താൻ വളരെ വലിയൊരു ഗുരുവായൂരപ്പന്റെ ഭക്തയാണ്. എന്ത് പ്രശ്‌നങ്ങൾ വന്നാലും ഗുരുവായൂരിൽ പോയി ഗുരുവായൂരപ്പനോടാണ് എല്ലാം പറയാറ്. അങ്ങനെ പിന്നീട് സ്‌റ്റേ എല്ലാം മാറി പണി പൂർത്തിയായി.സ്ഥലത്തിന്റെ മറ്റൊരു വശത്തുള്ള റോഡിലേയ്ക്ക് വീടിന്റെ ദിശ മാറ്റിയാണ് പണി പൂർത്തിയാക്കിയത്. ഇന്നും ആർക്കും ഒരു പ്രശ്‌നവുമില്ലാതെയാണ് മാതംഗി പ്രവർത്തിക്കുന്നത്. വീടിന്റെ പുറകിലൂടെ ഒരു ഗേറ്റ് വച്ചോട്ടെ എന്ന് ചോദിച്ചെങ്കിലും അതിന് സമ്മതിച്ചില്ല. എല്ലാവരും അല്ല, ഇതിന്റെ പിറകിൽ. ചില സ്ഥാപിത താൽപ്പര്യമുള്ളവരാണ് ഇതിന് കാരണം. എന്നാൽ, എല്ലാത്തിനും പിറകിൽ ഒരു സന്തോഷമുണ്ടാകും. അതാണ് തനിക്ക് മാതംഗിയെന്നും നവ്യ കൂട്ടിച്ചേർത്തു.
Discussion about this post