മസ്‌കത്ത് : ഒമാൻ കടലിൽ എണ്ണക്കപ്പൽ തലകീഴായി മറിഞ്ഞ് അപകടം. 13 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരെ കാണാതായി. ആഫ്രിക്കൻ രാജ്യമായ മൊമോറോസിന്റെ പതാക വെച്ച എണ്ണക്കപ്പലാണ് മറിഞ്ഞത്. അപകടത്തിൽ പെട്ടവരിൽ മൂന്ന് ശ്രീലങ്കക്കാരും ഉണ്ട്. പ്രസ്റ്റീജ് ഫാൽക്കൺ എന്ന് പേരുള്ള എണ്ണക്കപ്പലാണ് അപകടത്തിൽപെട്ടത്.
ഒമാനി തുറമുഖമായ ദുക്മിന് സമീപം റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് കപ്പൽ മറിഞ്ഞത്. 117 മീറ്റർ നീളമുള്ള കപ്പൽ 2007 ലാണ് നിർമ്മിച്ചത്. ചെറിയ യാത്രകൾ പോകാൻ വേണ്ടിയാണ് ഇത്തരം കപ്പലുകൾ ഉപയോഗിച്ചിരുന്നത്.
കപ്പൽ തലകീഴായി മുങ്ങിയെന്നും എണ്ണയോ മറ്റ് ഉത്പന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നും ഒമാന്റെ സമുദ്ര സുരക്ഷാ കേന്ദ്രം വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് നാവിക അധികൃതരുമായി ഏകോപിപ്പിച്ച് ഒമാൻ അധികൃതർ സംഭവസ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്.
Discussion about this post