ക്ഷേത്രങ്ങളാൽ സമ്പന്നമാണ് നമ്മുടെ രാജ്യം. ഭാരതീയ സംസ്‌കാരം വിളിച്ചോതുന്ന അനേകായിരം പുണ്യ നിർമ്മിതികൾ രാജ്യത്തുടനീളം തല ഉയർത്തി നിൽക്കുന്നു.ഓരോ ക്ഷേത്രത്തിനും നിരവധി സംസ്‌കാരത്തിന്റെയും ആചാര അനുഷ്ഠാനത്തിന്റെയും കഥകളാണ് പറയാനുള്ളത്. എന്നാൽ അതിൽ നിന്നും വിഭിന്നമായി ഒട്ടേറെ രഹസ്യങ്ങൾ ഒളിപ്പിച്ച ഒരു ക്ഷേത്രമുണ്ട് അങ്ങ് രാജസ്ഥാനിൽ. സന്ധ്യമയങ്ങിയാൽ ഉൾക്കിടിലമുണ്ടാക്കുന്ന ഒരു ക്ഷേത്രം. അതാണ് ബാർമർ ജില്ലയിലെ കിരാഡു ക്ഷേത്രം. ഈ ക്ഷേത്രത്തിൽ രാത്രി തങ്ങുന്നവൻ കല്ലായി മാറുമെന്നാണ് ജനങ്ങളുടെ വിശ്വാസം. അതുകൊണ്ടുതന്നെ വഴിതെറ്റി പോലും ആരും ഈ ക്ഷേത്രപരിസരത്തേക്ക് വരാൻ ധൈര്യപ്പടാറില്ലത്രേ…
രാജസ്ഥാനിലെ ഖജുരാഹോ എന്നറിയപ്പെടുന്ന ക്ഷേത്രമാണ് കിരാഡു ക്ഷേത്രം.താർ മരുഭൂമിക്ക് നടുവിലായാണ് കിരാഡു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യൻ ശൈലിയിൽ നിർമ്മിച്ച ഈ ക്ഷേത്രം സമ്പന്നമായ വാസ്തുവിദ്യയുടെ മുഖചിത്രമാണെന്നതിൽ സംശയമില്ല. അഞ്ച് ക്ഷേത്രങ്ങളുടെ കൂട്ടമാണ് കിരാഡു. എന്നാൽ കാലപ്പഴക്കം കൊണ്ട് ഇന്ന് വിഷ്ണുക്ഷേത്രവും ശിവക്ഷേത്രവും മാത്രമേ നല്ല നിലയിലുള്ളൂ. ബാക്കിയെല്ലാം തകർന്ന നിലയിലാണ്. ആരാണ് ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചതെന്ന് പോലും ആർക്കും ഒരു നിശ്ചയവുമില്ല. ക്ഷേത്രങ്ങളുടെ ഘടന നോക്കുമ്പോൾ, ദക്ഷിണേന്ത്യയിലെ ഗുർജരപ്രതിഹാര രാജവംശത്തിന്റെയോ സംഘ രാജവംശത്തിന്റെയോ ഗുപ്ത രാജവംശത്തിന്റെയോ കാലഘട്ടത്തിൽ നിർമ്മിച്ചതാകാമെന്ന് കണക്കാക്കപ്പെടുന്നു.
ദ്രാവിഡ കൊത്തുപണികളാൽ സുന്ദരമായ ഈ ക്ഷേത്രത്തെ കുറിച്ച് കേട്ടറിഞ്ഞ് ദിനംപ്രതി നിരവധി പേരാണ് ഇവിടെയെത്തുന്നത്. പക്ഷേ സന്ധ്യമയങ്ങും മുൻപേ എല്ലാവരും സ്ഥലം വിടും. ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള വിശ്വാസം തന്നെ ഇതിന് കാരണം.സൂര്യാസ്തമയത്തിനു ശേഷം ഈ ക്ഷേത്രത്തിൽ താമസിക്കുന്നവൻ എന്നെന്നേക്കുമായി കല്ലായി മാറുമെന്നാണ് വിശ്വാസം. ഈ വിശ്വാസത്തിന് പിന്നിൽ ഒരു സന്യാസിയുടെ ശാപമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ആ കഥ ഇങ്ങനെയാണ്.
ഒരിക്കൽ ഇവിടം ഭരിച്ചിരുന്ന പാർമർ രാജവംശത്തിലെ സോമേശ്വര രാജാവ് തന്റെ രാജ്യത്തിന്റെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമായി ഒരു സന്യാസിയെ രാജ്യത്തേക്ക് ക്ഷണിക്കുകയുണ്ടായി. രാജ്യം അദ്ദേഹത്തിന്റെ ശ്രമഫലമായി നല്ല രീതിയിലായപ്പോൾ അസുഖബാധിതനായ സന്യാസിയെ എല്ലാവരും ഉപേക്ഷിച്ചു. അവിടുത്തെ ഒരു ചുമട്ടുകാരന്റെ ഭാര്യ മാത്രമാണ് അദ്ദേഹത്തിന്റെ സഹായത്തിന് വന്നത്. കോപം വന്ന അദ്ദേഹം അവിടുത്തെ മനുഷ്യത്വമില്ലാത്ത ജനങ്ങൾ ഇല്ലാതായി പോകട്ടെ എന്നു ശപിച്ചു. കൂടാതെ അവിടെ ഉള്ളവർ കല്ലായിതീരും എന്നും ശപിച്ചു. തന്നെ ശുശ്രൂഷിച്ച ചുമട്ടുകാരന്റെ ഭാര്യയെ മാത്രം അദ്ദേഹം ശാപത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. തിരിഞ്ഞുനോക്കാതെ ഗ്രാമാതിർത്തി വൈകുന്നേരത്തിനു മുൻപേ കടക്കണമെന്ന് അയാൾ അവരോട് ആവശ്യപ്പെട്ടു.
തിരിഞ്ഞു നോക്കാതെ പോയ ചുമട്ടുകാരന്റെ ഭാര്യ ഗ്രാമാതിർത്തി എത്തിയപ്പോൾ ആകാംക്ഷ കൊണ്ട് തിരിഞ്ഞു നോക്കുകയുണ്ടായി. ഉടനെ അവിടെത്തന്നെ അവരും കല്ലായി മാറി. ഗ്രാമത്തിന്റെ അതിർത്തിയിൽ തിരിഞ്ഞു നോക്കുന്ന നിലയിലുള്ള കൽപ്രതിമ ഈ സ്ത്രീയുടേതാണത്രെ. പിന്നീട് എപ്പോഴെങ്കിലും ശാപം മൂലം ആരെങ്കിലും കല്ലായി പോയോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലെങ്കിലും പരീക്ഷിച്ചുനോക്കാൻ ധൈര്യമുള്ള ആരും ഇല്ലാത്തതിനാൽ ഇന്നും രാത്രിയായാൽ ക്ഷേത്ര പരിസരം ശൂന്യമാണ്. തണുപ്പു കാലത്ത് ഇവിടം സന്ദർശിക്കുന്നതാവും നല്ലത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും നല്ലത്
Discussion about this post