വയനാട് : വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷൻ അന്വേഷണ റിപ്പോർട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. സർവകലാശാലയ്ക്ക് കേസിൽ സംഭവിച്ച വീഴ്ചകളെ കുറിച്ചാണ് കമ്മീഷൻ അന്വേഷിച്ചത്. കമ്മീഷൻ ജസ്റ്റിസ് ഹരിപ്രസാദ് തിരുവനന്തപുരത്ത് രാജ് ഭവനിലെത്തിയാണ് റിപ്പോർട്ട് നൽകിയത്.
സിദ്ധാർത്ഥനെ എസ്എഫ്‌ഐ ഗുണ്ടകൾ മർദ്ദിക്കുന്ന സമയത്ത് വിസി ഓഫീസിൽ ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. സമയബന്ധിതമായി നടപടി എടുക്കുന്നതിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി വി സി ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സിദ്ധാർത്ഥന്റെ മരണത്തിനു പിന്നാലെ വിസിയെ ഗവർണർ പുറത്താക്കിയിരുന്നതാണ് . വെറ്ററിനറി സർവകലാശാല വൈസ്ചാൻസലർ, ഡീൻ, സിദ്ധാർഥന്റെ രക്ഷിതാക്കൾ, സഹപാഠികൾ, അദ്ധ്യാപകർ, പ്രതിപട്ടികയിലുള്ള രണ്ട് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ എന്നിവർ ഉൾപ്പെടെ 29 പേരിൽ നിന്ന് കമ്മിഷൻ മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അപ്പോൾ തന്നെ സിദ്ധാർത്ഥന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരിന്നു. എന്നാൽ സിദ്ധാർത്ഥന്റെ മരണത്തിൽ യൂണിവേഴ്‌സിറ്റി വലിയ തോതിലുള്ള ഉദാസീനത കാട്ടിയെന്ന് ആരോപണം ഉണ്ടായിരിന്നു.
Discussion about this post