കോഴിക്കോട്: വടകരയിൽ മിന്നൽ ചുഴിയെ തുടർന്ന് വ്യാപക നാശനഷ്ടം. വടകര സ്റ്റാൻഡ് ബാങ്ക്‌സിൽ നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾ ശക്തമായ കാറ്റിൽ പറന്നുപോയി. നാല് പെട്ടിക്കടകൾ തകർന്നു പോയി. സംഭവ സമയം പ്രദേശത്ത് ഉണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വൈകീട്ടോടെയായിരുന്നു മിന്നൽ ചുഴി. കെട്ടിടങ്ങൾക്ക് മേൽ സ്ഥാപിച്ചിരുന്ന ഷീറ്റ് കൊണ്ടുള്ള മേൽക്കൂരകൾ വാഹനങ്ങൾക്ക് മേൽ വീണു. ഇതിൽ ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. പലയിടത്തും മരം വീണ് വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു. കുറ്റ്യാടി , കാതോട് ഭാഗങ്ങളിലാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്.
ശക്തമായ മഴ തുടർന്ന സാഹചര്യത്തിൽ വിലങ്ങാട് പുഴയിൽ മലപ്പെള്ളപ്പാച്ചിലുണ്ടായി. ഇരുവഞ്ഞി- ചാലിയാർ പുഴയുടെ കൈവഴികൾ നിറഞ്ഞിട്ടുണ്ട്. കനത്തമഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ശക്തമായ മഴയിൽ ഇതുവരെ 33 വീടുകൾക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
Discussion about this post