ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപയോക്താക്കളായ സാധാരണക്കാർക്ക് തിരിച്ചടിയാകുന്ന നീക്കം ആയിരുന്നു അടുത്തിടെ ടെലികോം കമ്പനികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എല്ലാ കമ്പനികളും അവരുടെ താരിഫ് കുത്തനെ ഉയർത്തി. 50 ധികം രൂപയുടെ വ്യത്യാസമാണ് താരിഫിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ താരിഫ് ഉയർത്താതെ ഉപഭോക്താക്കൾക്ക് വേണ്ടി ബിഎസ്എൻഎൽ മാത്രം നിലകൊണ്ടു.
താരിഫ് വർദ്ധനയില്ലാത്തതിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. ഈ സന്തോഷം ഇരട്ടിയാക്കുന്നതാണ് ഇപ്പോൾ കമ്പനിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ. ബിഎസ്എൻഎൽ രാജ്യത്ത് 4 ജി 5 ജി സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ ബിഎസ്എൻഎൽ 4 ജിയ്ക്കും 5 ജിയ്ക്കും ആയുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമം ആകും.
കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേളയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഉടൻ തന്നെ രാജ്യത്ത് ബിഎസ്എൻഎൽ 4 ജി 5 ജി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതാണ് സേവനങ്ങൾ ആരംഭിക്കുന്നത് വൈകാൻ ഇടയാക്കുന്നത്.
നമ്മൾ ഒരിക്കലും വിദേശത്ത് നിന്നും സാങ്കേതിക വിദ്യ വാങ്ങുന്നില്ല. നമ്മുടെ ആളുകൾ തന്നെയാണ് സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നത്. ഇത് നമുക്ക് അഭിമാനം നൽകുന്ന കാര്യമാണ്. 4 ജി, 5 ജി സംവിധാനം നാം ഒറ്റയ്ക്കാണ് ഉണ്ടാക്കിയെടുക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post