ആലപ്പുഴ: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് മുന്നിൽവച്ച് എബിവിപി പ്രവർത്തകൻ വിശാലിനെ കത്തി ഉപയോഗിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ കേലിൽ നാലാം സാക്ഷിയുടെ ക്രോസ് വിസ്താരം പൂർത്തിയായി. നാലാം സാക്ഷി വിനു ശേഖറിന്റെ സാക്ഷിവിസ്താരം ആണ് പൂർത്തിയായത്. വിശാലിനെ കുത്തിക്കൊലപ്പെടുത്തിയ ഷെഫീഖ് തന്നോടൊപ്പം സ്‌കൂൾ കാലഘട്ടത്തിൽ പഠിച്ചിരുന്ന ആളാണെന്നും അതുകൊണ്ടുതന്നെ ഷെഫീക്കിനെ കൃത്യമായി തനിക്ക് തിരിച്ചറിയാൻ സാധിക്കുമെന്നും നാലാം സാക്ഷി വിനു ശേഖർ കോടതിയിൽ മൊഴി കൊടുത്തു. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി പി. പി. പൂജയുടെ മുമ്പാകെയാണ് വിനു ശേഖർ മൊഴി നൽകിയത്. കേസിലെ മറ്റൊരു ദൃക്‌സാക്ഷിയായ രാഹുലിനെ തിങ്കളാഴ്ച വിസ്തരിക്കും.
ലവ് ജിഹാദ് വിരുദ്ധ പ്രവർത്തനങ്ങളിൽ വിശാൽ സജീവമായി ഇടപെട്ടിരുന്നതായി തനിക്ക് അറിവ് ഉണ്ടായിരുന്നു എന്ന് സാക്ഷി ക്രോസ് വിസ്താരത്തിൽ പറഞ്ഞു. കേസിലെ പ്രതികൾ കുറ്റക്കാർ അല്ലെന്നും വിശാൽ മറിഞ്ഞ് വീണ് ഉണ്ടായ പരിക്കാണ്
മരണത്തിന് കാരണമായത് എന്നുമാണ് പ്രതിഭാഗം കോടതിയിൽ പ്രധാനമായും ഉന്നയിച്ചത്. എന്നാൽ വിശാലിനെ കൊലപ്പെടുത്തണം എന്നുള്ള ഉദ്ദേശത്തോടുകൂടി തന്നെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നും വിനു ശേഖർ കോടതിയിൽ
വ്യക്തമാക്കി. അക്രമത്തിൽ പരിക്കേറ്റ വിശാലിനെ ചെങ്ങന്നൂർ ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചത് താനാണ് എന്നും വിനു മൊഴി നൽകി. കൂടാതെ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ ഉപയോഗിച്ച വാഹനങ്ങളും കോടതിയിൽ സാക്ഷി ഇന്ന് തിരിച്ചറിഞ്ഞു.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി.
Discussion about this post