ബംഗളൂരു : കർണാടകയിൽ ഐടി ജീവനക്കാരുടെ തൊഴിൽസമയം വർദ്ധിപ്പിക്കാൻ നീക്കം. നിലവിൽ ഒൻപത് നണിക്കൂർ ജോലിയും ഒരു മണിക്കൂർ ഓവർടൈമും ഉൾപ്പെടെ പത്ത് മണിക്കൂർ വരെയാണ് ജോലിസമയം. ഇത് വർദ്ധിപ്പിച്ച് 14 മണിക്കൂർ ജോലി സമയമാക്കാനാണ് നീക്കം. കർണാടക ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതിചെയ്ത് ഇത് നടപ്പാക്കാനാണ് നീക്കമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ബില്ലിനെതിരെ നിരവധി ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
നിയമപരമായി ജോലി സമയം 14 മണിക്കൂറായി (12 മണിക്കൂർ + 2 മണിക്കൂർ ഓവർടൈം) നീട്ടുന്ന ഭേദഗതിയിൽ തങ്ങളുടെ നിർദ്ദേശം ഉൾപ്പെടുത്തണം എന്നാണ് ഐടി കമ്പനികളുടെ ആവശ്യം. ഐടി/ഐടിഇഎസ്/ബിപിഒ മേഖലയിലെ ജീവനക്കാർക്ക് ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് അനുവദനീയമാക്കണം എന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
ഇക്കാര്യത്തിൽ സർക്കാർ പ്രാഥമിക യോഗം ചേർന്നിട്ടുണ്ടെന്നും കൂടുതൽ തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്നും ഉന്നത വൃത്തങ്ങൾ കൂട്ടിച്ചേർത്തു. നിർദേശം മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കും.
ഇതിനെതിരെ കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പുതിയ നീക്കം ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഷിഫ്റ്റുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ തൊഴിലാളികളിൽ മൂന്നിലൊന്ന് പേർക്കും തൊഴിലില്ലാതാകുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് യൂണിയൻ പ്രസ്താവന ഇറക്കി. ഐടി ജീവനക്കാർക്കിടയിൽ വർധിച്ച ജോലി സമയം ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന പഠനങ്ങളും യൂണിയൻ ചൂണ്ടിക്കാട്ടി.
ഐടി മേഖലയിലെ 45% ജീവനക്കാർ വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും 55% ആളുകൾ ശാരീരിക പ്രശ്നങ്ങളും നേരിടുന്നു. ജോലി സമയം വർധിക്കുന്നത് ഇത് കൂടുതൽ വഷളാക്കും. സംസ്ഥാനം ജീവനക്കാരെ യന്ത്രങ്ങളെപ്പോലെയാണ് കാണുന്നതെന്നും ഐടി സ്ഥാപനങ്ങൾ ഉന്നയിക്കുന്ന ആവശ്യം പുനഃപരിശോധിക്കണമെന്നും നടപ്പാക്കരുതെന്നും പ്രസ്താവനയിൽ യൂണിയൻ ആവശ്യപ്പെട്ടു.
Discussion about this post