ന്യൂഡൽഹി: നിപ വൈറസ് ബാധിച്ച് 14 കാരൻ മരിച്ചതിന് പിന്നാലെ കേരളത്തിലേക്ക് പ്രത്യേക സംഘത്തെ അയക്കാൻ കേന്ദ്രസർക്കാർ. പ്രതിരോധപ്രവർത്തനങ്ങൾക്കായി കേരളത്തിലെ ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നതിന് വേണ്ടിയാണ് സംഘം സംസ്ഥാനത്ത് എത്തുന്നത്. കുട്ടിയുടെ വിശദമായ സമ്പർക്ക പട്ടിക തയ്യാറാക്കാനും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
കുട്ടിയുമായി കഴിഞ്ഞ 12 ദിവസം സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ വിശദാംശങ്ങൾ ശേഖരിക്കാനാണ് നിർദ്ദേശം. നേരിട്ട് സമ്പർക്കത്തിൽപ്പെട്ടവരെ ഉടനെ ക്വാറന്റീനിലേക്ക് മാറ്റും. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാനും കേന്ദ്രം നിർദ്ദേശിച്ചു. ജില്ലയിൽ ഉള്ളവർ ജാഗ്രത പാലിക്കണം എന്നും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
ചികിത്സയിലിരിക്കെ രാവിലെയോടെയായിരുന്നു കുട്ടി മരിച്ചത്. കഴിഞ്ഞ ദിവസം മുതൽ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കുട്ടിയ്ക്കായി മോണോ ക്ലോണൽ ആന്റിബോഡി എത്തിച്ചിരുന്നുവെങ്കിലും ആരോഗ്യനില മോശമായതിനാൽ നൽകിയിരുന്നില്ല. കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെ നിരീക്ഷിച്ചുവരികയാണ്. കുട്ടിയുടെ മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
Discussion about this post