ന്യൂഡൽഹി: ശ്രാവണ മാസം ആരംഭിച്ചതോടെ രാജ്യത്തെ ശിവക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്. പുലർച്ചെ മുതൽ തന്നെ ഉത്തർപ്രദേശിലെ കാശിവിശ്വനാഥ ക്ഷേത്രത്തിൽ ഭക്തജനങ്ങൾ ഒഴുകിയെത്തി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ന് മുതലാണ് ശ്രാവണമാസാരംഭം.
ക്ഷേത്ര ദർശനത്തിനായി കാശി വിശ്വനാഥ ക്ഷേത്രത്തിൽ രാത്രിയോടെ തന്നെ ഭക്തർ എത്തിയിരുന്നു. തുടർന്ന് ക്ഷേത്രപരിസരത്ത് തങ്ങിയ ഇവർ പുലർച്ചെ ദർശനം നടത്തുകയായിരുന്നു. വിവിധ വഴിപാടുകൾ ഭക്തർ വിശ്വനാഥന് അർപ്പിച്ചു. ഗംഗാനദിയിൽ സ്‌നാനം ചെയ്ത ശേഷമായിരുന്നു ഭക്തരുടെ മടക്കം. ഇതേ തുടർന്ന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കൻവാർ യാത്രയ്ക്കും ഇന്ന് തുടക്കമായി.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ മുതൽ തന്നെ ദർശനത്തിനായി ആളുകൾ ഇവിടേയ്ക്ക് എത്തിയിരുന്നു. ശ്രാവണമാസം കഴിയുന്നതുവരെ ഇതേ തിരക്ക് തുടരും.
ശിവഭഗവാന് ഏറ്റവും പ്രധാനപ്പെട്ട മാസമാണ് ശ്രാവണ മാസം. ഹിന്ദു മതത്തിൽ വിശുദ്ധ മാസം എന്നാണ് ശ്രാവണമാസം അറിയപ്പെടുന്നത്. അഞ്ച് തിങ്കളാഴ്ചകൾ വരുന്ന 29 ദിവസമാണ് ശ്രാവണമാസമായി കണക്കാക്കുക. ഇന്ന് ആരംഭിച്ച മാസം അടുത്ത മാസം 19 നാണ് അവസാനിക്കുക.
Discussion about this post