ന്യൂഡൽഹി: കേരളത്തെ സംബന്ധിച്ച് ഏറ്റവും പ്രയോജനകരമായ ബജറ്റാണ് ഇത്തവണത്തെ മോദി സർക്കാരിന്റേതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ എയിംസ് വരും. കേരളത്തെ തഴഞ്ഞെന്നത് അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചെറുപ്പക്കാർക്കും സ്ത്രീകൾക്കും ഗുണമാകുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉള്ളത്. കേരളത്തിൽ യുവാക്കളും സ്ത്രീകളും ഇല്ലേ?. ഫിഷറീസ് ഇല്ലേ?. കേരളത്തെ തഴഞ്ഞു എന്നത് അടിസ്ഥാന രഹിതമായ ആരോപണം ആണ്. എയിംസ് കേരളത്തിന് നഷ്ടമാകില്ല. സ്ഥലം ഏറ്റെടുത്ത് നൽകിയാൽ എയിംസ് വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ബജറ്റ് അവതരണത്തിന് പിന്നാലെ കേരളത്തെ തഴഞ്ഞു എന്ന ആരോപണവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ രംഗത്ത് എത്തിയിരുന്നു. കേരളത്തെ പരിഗണിച്ചില്ല. ആന്ധ്രാപ്രദേശിനും ബിഹാറിനും മാത്രമാണ് ബജറ്റിൽ ഗുണമുളളത്. ഇക്കുറിയും കേരളത്തിന് എയിംസ് ഇല്ലെന്നും ധനമന്ത്രി പറഞ്ഞിരുന്നു. ഇതിനാണ് സുരേഷ് ഗോപി മറുപടി പറഞ്ഞത്.
അതേസമയം കേരളത്തിന് ഏറെ പ്രയോജനകരമായ ബജറ്റാണ് ഇക്കുറി അവതരിപ്പിച്ചിരിക്കുന്നത് എന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രതികരിച്ചു. യുവാക്കൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ് ഇത്തവണത്തെ ബജറ്റ്. പലിശ രഹിത വായ്പ പദ്ധതി കേരളം പ്രയോജനപ്പെടുത്തണം എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Discussion about this post