ബംഗളൂരു : ഉത്തരകന്നഡയിലെ ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിനായി സാങ്കേതിക സഹായം തേടി ദൗത്യസംഘം. മണ്ണിനടിയിൽപ്പെട്ട ലോറി കണ്ടെത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലിന്റെയും സംഘത്തിന്റെയും സഹായമാണ് ദൗത്യസംഘം തേടിയത്. ദൗത്യസംഘത്തിനൊപ്പം ഉടൻ ചേരുമെന്ന് മേജർ ജനറൽ ഇന്ദ്രബാൽ (റിട്ട) അറിയിച്ചിട്ടുണ്ട്.
അപകടം നടന്ന പ്രദേശത്തെ ഭൂപ്രകൃതി വെല്ലുവിളി നിറഞ്ഞതായതിനാൽ ഡ്രോൺ സംവിധാനം ഉപയോഗിക്കാനാണ് നീക്കം. കരയിലും വെള്ളത്തിലും 20 മീറ്ററിൽ താഴെയുളള വസ്തുക്കൾ കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതിക വിദ്യകളാണ് ഷിരൂർ രക്ഷാദൗത്യത്തിനായി എത്തിക്കുന്നത്. ഡ്രോൺ ഘടിപ്പിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്നും ഇത് ഉപയോഗിച്ച് സ്‌കാൻ ചെയ്താൽ ലോറി കുറച്ചുകൂടി വേഗത്തിൽ കണ്ടുപിടിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത് എന്നും മേജർ ജനറൽ ഇന്ദ്രബാൽ (റിട്ട) അറിയിച്ചു.
അതേസമയം ഗംഗാവലി പുഴയിലെ ശക്തമായ നീരൊഴുക്ക് കാരണം പുഴയിലെ തിരച്ചിൽ താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നീരൊഴുക്ക് വർദ്ധിച്ചത്. ഇതേ തുടർന്നാണ് ഇന്നത്തെ തിരച്ചിൽ നിർത്തിവെച്ചത് എന്നും നീരൊഴുക്ക് കുറയുന്നതനുസരിച്ച് സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമെന്നും അധികൃതർ അറിയിച്ചു.
നാവിക സേനയുടെയും സൈന്യത്തിന്റെയും രക്ഷാപ്രവർത്തനങ്ങളിൽ തൃപ്തരാണെന്ന് അർജുന്റെ കുടുംബം പറഞ്ഞു. അർജുനെ കണ്ടെത്തുന്നത് വരെ രക്ഷാപ്രവർത്തനം തുടരണം. ആധുനിക ഉപകരണങ്ങൾ വച്ചുള്ള തെരച്ചിലിൽ കൂടി പ്രതീക്ഷ അർപ്പിക്കുന്നുണ്ടെന്നും അർജുന്റെ സഹോദരി പറഞ്ഞു.
Discussion about this post