ധാക്ക : ബംഗ്ലാദേശ് പ്രക്ഷോഭത്തിൽ ഇരയായവർക്ക് അഭയം നൽകാൻ തയ്യാറാണെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ബംഗ്ലാദേശ്. ബംഗ്ലാദേശിലെ നിസ്സഹായരായ ജനതയെ സ്വീകരിക്കും എന്ന തരത്തിലുള്ള വാഗ്ദാനം ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന് ബംഗ്ലാദേശ് പ്രസ്താവനയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചാണ് ബംഗ്ലാദേശ് പ്രതിഷേധം രേഖപ്പെടുത്തിയത്.
‘ഞങ്ങൾ വളരെ അടുത്ത ബന്ധം പങ്കിടുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയോടുള്ള ആദരവോടെ പറയുന്നു, അവരുടെ അഭിപ്രായങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. അതിനാൽ, ഞങ്ങൾ ഇന്ത്യൻ സർക്കാരിന് ഇത് സംബന്ധിച്ച് ഒരു നോട്ടീസ് നൽകിയിട്ടുണ്ട്,”ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഹസൻ മഹമൂദ് പറഞ്ഞു.
ബംഗ്ലാദേശിൽ കലാപം ശക്തമായതോടെ ജൂലൈ 21 നാണ് മമത ബാനർജി ബംഗ്ലാദേശിലെ നിസ്സഹായരായ ജനതയ്ക്ക് വേണ്ടി വാതിൽ തുറന്നിടുന്നു എന്ന പ്രസ്താവന നടത്തിയത്. അഭയാർത്ഥികളെ ബഹുമാനിക്കുന്നവരാണ് തങ്ങളെന്നും, പ്രക്ഷോഭത്തിൽ ഇരയായവർ വാതിലിൽ മുട്ടിയാൽ അഭയം നൽകുമെന്നും മമത ബാനർജി പറഞ്ഞിരുന്നു. എന്നാൽ ഇത് രാജ്യത്തിന്റെ ഭരണഘടനാ ലംഘനമാണെന്ന് വ്യക്തമാക്കിക്കൊണ്ട് മമത ബാനർജിക്ക് രാജ്ഭവൻ നോട്ടീസ് അയച്ചു.
വിദേശത്തുനിന്ന് രാജ്യത്തേക്ക് വരുന്നവരെ ഉൾക്കൊള്ളുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ളതാണ്. വിദേശത്ത് നിന്ന് വരുന്നവർക്ക് അഭയം നൽകാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരു മുഖ്യമന്ത്രിയുടെ പരസ്യ പ്രസ്താവന ഭരണഘടനാ ലംഘനത്തെ സൂചിപ്പിക്കുന്നതാണ് എന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശും പ്രസാതവനയിൽ പ്രതിഷേധം രേഖപ്പെടുത്തിയത്.
Discussion about this post