പത്തനംതിട്ട : മുങ്ങിനടന്ന പോക്‌സോ കേസ് പ്രതിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വെച്ച് കീഴ്‌പ്പെടുത്തി വനിതാ പോലീസ്. പത്തനംതിട്ട മാർക്കറ്റിലാണ് സംഭവം. പ്രതി കയറിയ ഓട്ടോയ്ക്ക് കൈ കാണിച്ച് പോലീസ് ഉദ്യോഗസ്ഥയും അതിൽ കയറുകയായിരുന്നു. തുടർന്ന് പ്രതിയെ കൈകൾ കൊണ്ട് കുരുക്കി അനങ്ങാനാവാത്ത നിലയിലാക്കി. പിന്നെ ”ഓട്ടോ പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടോളൂ” എന്ന് ഡ്രൈവറോട് പറഞ്ഞു.
ഓട്ടോ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് മഫ്തിയിലെത്തിയ ആർ കൃഷ്ണകുമാരി എന്ന പോലീസ് ഉദ്യോഗസ്ഥയാണ് അതെന്ന് പലർക്കും മനസിലായത്. പോക്‌സോ കേസിൽ മൂന്ന് വർഷമായി മുങ്ങി നടന്ന എറണാകുളം തൃപ്പൂണിത്തുറ നടമ വില്ലേജിൽ കോശ്ശേരി വീട്ടിൽ സുജിത്തിനെ(42) ആണ് പോലീസ് സംഘം പിടികൂടിയത്. സിവിൽ പോലീസ് ഓഫീസർമാരായ ആകാശ് ചന്ദ്രൻ, അനുരാജ്, മണികണ്ഠൻ എന്നിവരും ഓപ്പറേഷന്റെ ഭാഗമായിരുന്നു.
പത്തനംതിട്ടയിൽ വാടകയ്ക്ക് താമസിച്ചിരുന്നപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണ ഘട്ടങ്ങളിൽ ഹാജരായില്ല. ഇതേ തുടർന്നാണ് പത്തനംതിട്ട അതിവേഗ പോക്സോ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ഇയാൾ പത്തനംതിട്ടയിൽ മാർക്കറ്റിനടുത്തുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് അവിടെ മഫ്തിയിൽ കാത്തുനിന്നത്. തുടർന്ന് ഓട്ടോയിലെത്തിയ പ്രതിയെ വാഹനത്തിൽ കയറി പിടികൂടുകയായിരുന്നു.
Discussion about this post