പാലക്കാട്: എഐവൈഎഫ് വനിതാ നേതാവ് ഷാഹിനയുടെ മരണത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണവുമായി പോലീസ്. ഷാഹിനയെ മരിച്ച നിലയിൽ കണ്ടെത്തിയ കിടപ്പുമുറിയിൽ ശാസ്ത്രീയ പരിശോധനകൾ നടത്തി. ഫോറൻസിക്, വിരലടയാള വിദഗ്ധർ എത്തിയായിരുന്നു പരിശോധന.
തിങ്കളാഴ്ച രാവിലെയാണ് ഷാഹിനയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രത്യേകിച്ച് പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതിരുന്ന ഷാഹിന മരിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതേ തുടർന്നാണ് പോലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്.
വീടിന്റെ വാതിലുകൾ, മരിച്ച നിലയിൽ കണ്ടെത്തിയ മുറി, വീടിന്റെ പരിസരം എന്നിവിടങ്ങളിൽ ആണ് പരിശോധന നടത്തിയത്. ഇവിടങ്ങളിൽ നിന്നും വിരലടയാളങ്ങൾ ഉൾപ്പെടെ ശേഖരിച്ചു. ഷാഹിനയുടെ ഡയറി, ഫോൺ എന്നിവ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ബന്ധുകളുടെ വിശദമായ മൊഴിയും പോലീസ് രേഖപ്പെടുത്തി.
വെള്ളിച്ചെണ്ണ വിപണന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഷാഹിന. ഇവിടം കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഷാഹിനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മസ്ജിദിൽ സംസ്‌കരിച്ചു.
Discussion about this post