കാർഗിലിലെ ഐതിഹാസിക യുദ്ധവിജയത്തിൻറെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളിലാണ് രാജ്യം. ഭാരത് മാതാ കീ ജയ് വിളികൾക്കൊപ്പം കശ്മീരിന്റെ മാറിൽ രാജ്യത്തിന്റെ അഭിമാനക്കൊടി പാറിയ സുദിനം. കാർഗിൽ വിജയ് ദിവസ് എന്നും ഒരു ഓർമ്മപ്പെടുത്തൽ ആണ്. ഇന്ത്യയെന്താണെന്നും സൈനിക ബലമെന്താണെന്നുമുള്ള ഓർമ്മപ്പെടുത്തൽ. ചതിയൻമാർക്ക് മറുപടി നൽകുന്നതിനിടെ രാജ്യത്തിന് നഷ്ടപ്പെട്ട, വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മയിലാണ് നാം.
ഇന്ത്യയുടെ അഭിമാനം കാക്കാൻ യുദ്ധമുഖത്തുണ്ടായിരുന്ന അനേകം സൈനികരും ആ വിജയദിനത്തിന്റെ ഓർമ്മകളിലായിരിക്കും ഇന്ന്. ആ സൈനികരുടെ കൂട്ടത്തിൽ ഒരു വനിത കൂടിയുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ പൈലറ്റും ഉണ്ട്. യുദ്ധത്തിൽ നേരിട്ടു പങ്കെടുത്ത ആദ്യത്തെ ഇന്ത്യൻ വനിതാ എയർഫോഴ്‌സ് പൈലറ്റുമായിരുന്ന ഗുൻജൻ സക്‌സേന ആണത്. 1999ലെ കാർഗിൽ യുദ്ധത്തിൽ മാതൃരാജ്യത്തിനായി പോരാടുമ്പോൾ വെറും 24 വയസ്സായിരുന്നു ഗുൻജന് പ്രായം.
9 വയസ്സിൽ കോക്പിറ്റിൽ കണ്ട ഗുൻജൻ, ഒരുനാൾ താനും പറക്കുന്നത് സ്വപ്നം കണ്ടു. എന്നാൽ കാലം അവൾക്കായി കാത്തുവച്ചത് മാതൃരാജ്യത്തിനായി പറക്കാനുള്ള അവസരമായിരുന്നു. സൈനിക കുടുംബത്തിലാണ് ഗുൻജൻ സക്‌സേന ജനിച്ചത്. റിട്ട. ലഫ്റ്റനന്റ് കേണലായിരുന്ന അനുപ് കുമാർ സക്‌സേനയായിരുന്നു പിതാവ്. സഹോദരൻ ലഫ്റ്റനന്റ് കേണൽ അൻഷുമാനും ഇന്ത്യൻ സൈന്യത്തിൽ തന്നെ.ഡൽഹി സർവകലാശാലയിലെ ഹൻസ്‌രാജ് കോളേജിൽ നിന്ന് ബിരുദം നേടിയ ഗുഞ്ചൻ എസ്.എസ്.ബി പാസായി 1994ൽ വ്യോമസേനയിൽ ചേരുകയായിരുന്നു. 1996ൽ ഇന്ത്യൻ എയർഫോഴ്‌സിൽ (IAF) പൈലറ്റായി ചേർന്ന ആറ് വനിതകളിൽ ഒരാളായിരുന്നു ഗുൻജൻ സക്‌സേന. സൈനിക സേവനം എന്നത് പെൺകുട്ടികൾക്ക് ഓർക്കാൻ കൂടി സാധിക്കാത്ത കാലം. എന്നാൽ ഗുൻജന്റെ മനോബലം അവളെ ലക്ഷ്യത്തിൽ എത്തിച്ചു.മാതാപിതാക്കൾക്ക് അവളുടെ ജോലിയുടെ അപകടസാധ്യതയെക്കുറിച്ച് നന്നായി അറിയാമായിരുന്നുവെങ്കിലും മകളുടെ ജോലിക്കാര്യങ്ങളിൽ അവർ ഒരിക്കലും ഇടപെട്ടിരുന്നില്ല. സൈനിക സേവനം രാഷ്ട്രസേവനമാണെന്ന തിരിച്ചറിവിൽ അവർ ഗുൻജന് പൂർണ്ണ സ്വാതന്ത്ര്യവും നൽകിയിരുന്നു.
1999…ജമ്മുകശ്മീരിൽ അസ്വസ്ഥതകൾ പുകയുന്ന കാലം. കരാറുകാർ ഭേദിച്ച് പാകിസ്താൻ കൊടും ചതി ചെയ്തതോടെ പുകച്ചിലുകൾ സംഘർഷത്തിലേക്ക് വഴിമാറി. മഹായുദ്ധത്തിന്റെ ആരംഭം. നാല് ഹെലികോപ്റ്ററുകൾ അന്ന് ശ്രീനഗറിൽ നിലയുറപ്പിച്ചിരുന്നു. പത്ത് പൈലറ്റുമാരുടെ ടീമിലെ ഏക വനിതയായിരുന്നു ഗുഞ്ചൻ. എന്നാൽ അക്കാലത്ത് സ്ത്രീകളെ യുദ്ധമേഖലയിൽ പ്രവേശിക്കാനും യുദ്ധവിമാനം പറത്താനും അനുവദിച്ചിരുന്നില്ല.എന്നാൽ യുദ്ധം കടുത്തതോടെ സൈനികരെല്ലാം ഒരു മനസോടെ യുദ്ധത്തിനിറങ്ങി.
യുദ്ധത്തിൽ നിരീക്ഷണത്തിനായി പോയ പൈലറ്റുമാരിൽ ഗുൻജനും ഉണ്ടായിരുന്നു. 132 ഫോർവേഡ് ഏരിയ കൺട്രോൾ ഫ്‌ളൈറ്റിനൊപ്പം ഉദംപൂരിൽ ഡ്യൂട്ടിയിലിരിക്കെയാണ് ഫ്‌ളൈയിംഗ് ഓഫീസർ ഗുൻജൻ സക്‌സേനയ്ക്ക് ശ്രീനഗറിലേക്ക് പോകാനുള്ള ഉത്തരവ് ലഭിക്കുന്നത്. കാർഗിൽ ടോളിംഗ് ബറ്റാലിക് പ്രദേശത്തിന് മുകളിലൂടെ പറന്ന് യുദ്ധത്തിന്റെ സ്ഥിതിഗതികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകുന്ന സർവേ പൈലറ്റുമാരിൽ ഒരാളായിരുന്നു അവൾ. പരിക്കേറ്റ സൈനികരെ ഹെലികോപ്റ്ററിൽ സഹായിക്കുകയും സൈനികർക്ക് മരുന്നുകളും ഭക്ഷണവും മറ്റ് പ്രധാന കാര്യങ്ങളും എത്തിക്കേണ്ടതിന്റെയും ചുമതല അവൾ വഹിച്ചു. പോരാട്ടഭൂമിയിലെ ഓരോ സൈനിക സഹോദരങ്ങൾക്കും അവളുടെ സഹായത്തിന്റെ പങ്കുലഭിച്ചു. ദൗത്യത്തിനിടെ ഗുൻജന്റെ ചോപ്പർ വിമാനത്തിന് ശത്രുക്കളുടെ മിസൈൽ ആക്രമണത്തിൽ കേടുപാട് പറ്റി. എന്നാൽ തളരാത്ത പോരാട്ടവീര്യവുമായി ഗുൻജൻ പറക്കൽ തുടരുകയായിരുന്നു. ഹെലിപാഡിൽ ചെന്നിറങ്ങിയ അവൾ പരിക്കേറ്റ സൈനികരെ ചോപ്പറിലേക്ക് കൊണ്ടുപോകുന്നതിനായി കാത്തിരിക്കുകയും അവരെ വിജയകരമായി രക്ഷിക്കുകയും ചെയ്തു. 20 ദിവസത്തിനുള്ളിൽ അത്തരം പത്ത് ദൗത്യങ്ങൾ ഗുൻജൻ പൂർത്തിയാക്കി. ‘ഒരു ഹെലികോപ്റ്റർ പൈലറ്റെന്ന നിലയിൽ നിങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്ന ആത്യന്തികമായ വികാരമാണിതെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഒരു ജീവൻ രക്ഷിക്കുമ്പോൾ അത് വളരെ സംതൃപ്തമായ ഒരു വികാരമാണ്, കാരണം അതിനാണ് നിങ്ങൾ അവിടെയുള്ളത്.’ എന്നായിരുന്നു തന്റെ ദൗത്യത്തിനെ കുറിച്ച് പിന്നീട് ഒരിക്കൽ അവർ പറഞ്ഞത്.
കാർഗിൽ യുദ്ധത്തിലെ സേവനങ്ങൾ കണക്കിലെടുത്ത് ഗുഞ്ചൻ സക്‌സേനയ്ക്ക് ശൗര്യ വീർ അവാർഡും ലഭിച്ചു.വിങ് കമാൻഡറായ സക്‌സേനയുടെ ഭർത്താവ് ഗൗതം നരേനും ഇന്ത്യൻ വ്യോമസേനാ പൈലറ്റാണ്.
Discussion about this post