ന്യൂഡൽഹി: ഉത്തരാഗണ്ഡിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് ഗംഗയിൽ വെള്ളപ്പൊക്കം. യമുനാ നദിയും അരകവിഞ്ഞൊഴുകുകയാണ്. വിവിധ പ്രദേശങ്ങളിലായി കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോയി. 100 കിലോമീറ്ററിലേറെ തീരത്ത് വെള്ളപ്പൊക്കമുണ്ടായതായാണ് റിപ്പോർട്ട്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ച് തുടങ്ങി.
ആളുകളെ കാണാതായ വാർത്തകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗംഗോത്രിയിൽ ശാരദാ തീരവും ശിവനന്ദാശ്രമവും ഉൾപ്പെടെ വെള്ളത്തിനടിയിലായി. ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിലുൾപ്പെടെ ഗംഗാനദി കരകവിഞ്ഞ് ഒഴുകുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് ഗുൽബകോട്ടിയിൽ ബദ്രീനാഥ് ദേശീയപാത വഴിയുള്ള ഗതാഗതം നിയന്ത്രിച്ചു.
പ്രദേശത്ത് നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരകാശി, ചമോലി, രുദ്രപ്രയാഗ്, പൗരി, നൈനിറ്റാൽ, പിത്തോഗഡ് എന്നീ മേഖലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളം കയറിയത് മൂലം പല റോഡുകളിലൂടെയുമുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
Discussion about this post