വയനാട്: വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ദുരന്തമുഖത്ത് എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. പ്രദേശത്ത് ഉണ്ടായിരുന്ന ഏക പാലം ഒലിച്ചുപോയതായും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ വിളിച്ച് വിവരമറിയിച്ചിട്ടുണ്ട്. അദ്ദേഹം എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരുമായി ചേർന്ന് േകന്ദ്ര സംഘം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷാപ്രവർത്തനത്തിൽ പ്രദേശവാസികളുടെ ഇടപെടലുകളും നിർണായകമാണ്. അവരുടെ ഏകോപനം രക്ഷാപ്രവർത്തകർക്ക് ഏറെ സഹായകരമാണ്. എയർലിഫ്റ്റിനുള്ള സാധ്യതകൾക്കായി രണ്ട് ഹലികോപ്ടറുകൾ പുറപ്പെടാനൊരുങ്ങുന്നുണ്ട്്. എന്നാൽ, ഹെലികോപ്ടർ ലാൻഡ് ചെയ്യാനുള്ള കാലാവസ്ഥ പ്രതികൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 44 ആയതായി ജില്ലാഭരണകൂടം വ്യക്തമാക്കുന്നു. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട് പോയ മുണ്ടക്കൈയിലേക്ക് പോകാൻ സൈന്യം താത്കാലിക പാലം നിർമിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.വടങ്ങളും മറ്റും ഉപയോഗിച്ച് കൃത്രിമമായ പാലം നിർമിക്കും. മുണ്ടക്കൈയിൽ കുടുങ്ങി കിടക്കുന്ന ആളുകളുമായി ബന്ധപ്പെടാൻ സാധിച്ചതായും അധികൃതർ വ്യക്തമാക്കി.
Discussion about this post