വയനാട്: മേപ്പാടിയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്തേയ്ക്ക് രക്ഷാപ്രവർത്തനത്തിനായി 200 അംഗ സൈനിക സംഘം എത്തി. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് സെന്ററിൽ നിന്നും ഇന്ത്യൻ സൈന്യത്തിന്റെ രണ്ട് വിഭാഗമാണ് എത്തിയത്. ഇതോടൊപ്പം കണ്ണൂരിലെ സൈനിക ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയൽ ആർമിയുടെ സംഘവും ദുരന്തമുഖത്ത് വിന്യസിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിന് ചൂരൽമിലയിലെത്തിയ കോഴിക്കോട് നിന്നുള്ള 150 അംഗ സൈനിക സംഘം മുണ്ടക്കൈയിലേയ്ക്ക് താൽക്കാലിക പാലം നിർമിക്കാനുള്ള സാധ്യതകൾ തേടുകയാണ്. ബംഗളൂരുവിൽ നിന്നും സൈന്യത്തിന്റെ മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പും വയനാട്ടിലേയ്ക്ക് എത്തും. ഉരുൾപൊട്ടലിൽ തകർന്ന പാലത്തിന് പകരം ബദൽ സംവിധാനത്തിനുള്ള കാര്യങ്ങളാണ് സൈന്യത്തിന്റെ എൻജിനീയറിംഗ് വിഭാഗം നടപ്പാക്കാനൊരുങ്ങുക.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, റവന്യൂ സൈന്യത്തിന്റെ കേരള കർണാടക ചുമതലയുള്ള മേജർ ജനറൽ വിടി മാതയൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം, രക്ഷാപ്രവർത്തനത്തിനായി നാവികസേനയും വയനാട്ടിലെത്തും. നേവിയുടെ റിവർ ക്രോസിംഗ് ടീമാണ് വയനാട്ടിലെത്തുക.
Discussion about this post