മലപ്പുറം: നിലമ്പൂർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മുണ്ടക്കൈ സ്വദേശികളുടെ മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോകും. മലപ്പുറം ഡെപ്യൂട്ടി കളക്ടർ പി സുരേഷാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള സൗകര്യങ്ങളും ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
38 ആംബുലൻസുകളിൽ ആയിട്ടാകും മൃതദേഹങ്ങൾ കൊണ്ടുപോകുക. മൃതദേഹ ഭാഗങ്ങളും കൊണ്ടുപോകും. മേപ്പാടിയിൽ ആകും മൃതദേഹങ്ങൾ എത്തിക്കുക. ഇവിടെയാണ് മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
കാണാതായ ആളുകളെ തേടി ദുരന്തമേഖലയിൽ നിന്നും നിലമ്പൂരിലേക്ക് ബന്ധുക്കൾ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മൃതദേഹം മേപ്പാടിയിലേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചത്. നിലമ്പൂര് സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളിൽ രണ്ട് പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോകുന്നതിന് മുന്നോടിയായി പോസ്റ്റ്‌മോർട്ടം നടത്തും. മേപ്പാടിയിലെ സ്‌കൂൾ ഗ്രൗണ്ടിലാണ് മൃതദേഹങ്ങൾ തിരിച്ചറിയാനായി സൗകര്യം ഒരുക്കുക.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആകെ 68 മൃതദേഹങ്ങളാണ് ഇപ്പോഴുള്ളത്. ഇതിൽ 11 പേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. ഇവയിൽ 31 എണ്ണം ശരീര ഭാഗങ്ങൾ മാത്രമാണ്. ബാക്കിയുള്ള മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം കൂടി പൂർത്തിയാക്കിയ ശേഷമാകും ആംബുലൻസുകളിൽ മേപ്പാടിയിലേക്ക് കൊണ്ടുപോകുക.
Discussion about this post