വയനാട്: മുണ്ടക്കൈയില്‍ ഉണ്ടായ ഉരുൾപൊട്ടലില്‍ ദുരന്തത്തിൽ സീരിയൽ ക്യാമറാമാന്‍ മരിച്ചു. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജു ആണ് മരിച്ചത്. ഇന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫെഫ്ക ആണ് ഇക്കാര്യം അറിയിച്ചത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. ഷിജുവിന്റെ അച്ഛൻ ഉൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഷിജുവിന്റെ അയൽക്കാരനും ക്യാമറ അസ്സിസ്റ്റന്റും സഹപ്രവർത്തകനുമായ പ്രണവിനെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇയാളുടെ വീട്ടുകാരെ ഇതുവരെ കണ്ടെത്താനായില്ല.
166 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. എന്നാൽ പല മൃതദേഹങ്ങളും തിരിച്ചറിയാനായിട്ടില്ല. ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. മുണ്ടക്കൈയിൽ 500 ലേറെ വീടുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമാണ് ഉള്ളത് എന്ന് 11 -ാം വാർഡ് മെമ്പർ കെ ബാബു പറഞ്ഞു.
Discussion about this post