പ്രിയപ്പെട്ടവർക്കായി കാത്തിരുന്ന് ഒരു കൂട്ടം ആളുകൾ….. സർവതും നഷ്ടപ്പെട്ട് ക്യാമ്പുകളിൽ നിരവധി പേർ…… ദുരന്തം കൺമുന്നിൽ കണ്ട് മരവിച്ച് മറ്റു ചിലർ. ആരോട് ഈ ദുഃഖങ്ങൾ എല്ലാം പറയും … കരയാൻ പറ്റാതെ എല്ലാം ഉള്ളിൽ ഒതുക്കി മറ്റുചിലർ…
ഉറ്റവരും ഉടയവരും എല്ലാവരും പോയി .ഞങ്ങളുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കു. എന്ത് പാപമാണ് ഞങ്ങൾ ചെയ്തത്. ഈ നാട്ടിലെ ആരും പാപം ചെയ്യുന്നവർ അല്ല . ജീവിക്കാനായി അന്നാന്ന് ജോലിക്ക് പോയി കഴിയുന്നവരാണ്. ഇത്ര പ്രയാസപ്പെടുത്തുന്നത് എന്തിനാണ്… ദൈവം ഞങ്ങളെ എന്തിനാ ഇങ്ങനെ ശിക്ഷിക്കുന്നത്. ഞങ്ങൾ എല്ലാവരും പോയി കഴിഞ്ഞു. ഇനി ആരാണ് ഞങ്ങൾക്ക് ഉള്ളത് എന്നാണ് അവശേഷിക്കുന്ന ആളുകളുടെ വാക്കുകൾ.
മുണ്ടക്കൈയിൽ എല്ലാം തകർന്ന് മണ്ണിലാണ്ടുപോയ വീടുകൾക്കടിയിൽ രക്ഷാസംഘം പരിശോധന തുടരുകയാണ്. വീടുകൾക്കടുത്തെത്തുമ്പോൾ കിട്ടുന്ന മൃതദേഹത്തിന്റെ മണം പിടിച്ചാണ് പല വീടുകളും പൊളിച്ച് രക്ഷാസംഘം അകത്ത് കയറുന്നത്. എന്നാൽ ഓരോ വീടുകൾക്കുള്ളിലും ഹൃദയഭേദകമായ കാഴ്ചകളാണ്. മണ്ണിനടിയിൽ പെട്ട ഒരു വീട്ടിൽ നിന്ന് കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൂന്നു മൃതദേഹം രക്ഷാസംഘം കണ്ടെത്തിയത്. കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങൾ കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നെന്നാണ് രക്ഷാസംഘം പറയുന്നത.്
ഉരുൾപൊട്ടലിൽ മരണം 176 ആയി.എന്നാൽ പല മൃതദേഹങ്ങളും തിരിച്ചറിയാനായിട്ടില്ല. തിരിച്ചറിയാനായത് 84 പേരെ മാത്രമാണ്. ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.
Discussion about this post