വയനാട്: ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തി ശക്തമായ മഴ. രാവിലെ മുതൽക്കേ ഇടവിട്ട് ശക്തമായ മഴയാണ് പ്രദേശത്ത് ലഭിക്കുന്നത്. ഇതേ തുടർന്ന് രക്ഷാപ്രവർത്തനം മന്ദഗതിയിൽ ആയി.
ഇരുന്നൂറിലധികം പേരെയാണ് പ്രദേശത്ത് നിന്നും ഇനിയും കണ്ടെത്താനുള്ളത്. ഇവർക്കായി രാവിലെ മുതൽ തന്നെ ദൗത്യ സംഘം തിരച്ചിൽ ആരംഭിച്ചിരുന്നു. രാത്രി മുതൽ ആരംഭിച്ച മഴ രാവിലെയും തുടർന്നു. മഴ അൽപ്പം ഒഴിഞ്ഞതോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ബെയ്‌ലി പാലത്തിന്റെ നിർമ്മാണം ഉൾപ്പെടെ ആരംഭിച്ചു. എന്നാൽ വീണ്ടും മഴ തടസ്സം സൃഷ്ടിക്കുകയായിരുന്നു.
സൈന്യവും നാട്ടുകാരും സന്നദ്ധസംഘടനകളും സംയുക്തമായിട്ടാണ് പ്രദേശത്ത് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്. തിരച്ചിലിൽ ഇന്നും മൃതദേഹങ്ങൾ കണ്ടെടുത്തു. പിഞ്ഞു കുഞ്ഞിന്റെ മൃതദേഹം ഉൾപ്പെടെയാണ് ദുരന്തപ്രദേശത്ത് നിന്നും കണ്ടെടുത്തത്. നിലവിൽ 180 ലധികം പേരുടെ മരണങ്ങൾ ആണ് സ്ഥിരീകരിച്ചിട്ടുള്ളത്. തിരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കാനാണ് സാദ്ധ്യത. അതിനാൽ മരണ സംഖ്യ വീണ്ടും ഉയരും.
അതേസമയം പാലക്കാട് നിന്നുള്ള മെഡിക്കൽ സംഘം വയനാട്ടിൽ എത്തും. പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള 50 അംഗ മെഡിക്കൽ സംഘമാണ് വയനാട്ടിലേക്ക് പോകുക. സംഘം കൽപ്പറ്റയിൽ താത്കാലിക ആശുപത്രി നിർമ്മിക്കും.
Discussion about this post