വയനാട്: മുണ്ടക്കൈയിൽ ബെയ്‌ലി പാലത്തിന്റെ നിർമാണം ഉച്ചയോടെ പൂർത്തിയാകും. പാലനിർമാണം പൂർത്തിയാകുന്നതോടെ യന്ത്രസഹായത്തോടെ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാകുമെന്ന് മേജർ ജനറൽ വിടി മാത്യു വ്യക്തമാക്കി. രക്ഷാപ്രവർത്തനം പൂർത്തിയായാലും സംസ്ഥാന സർക്കാർ സ്ഥലത്ത് ഒരു പാലം നിർമിക്കുന്നത് വരെ വയനാട്ടിലെ ജനങ്ങൾക്കായി ഈ ബെയ്‌ലി പാലം സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ രാത്രി വൈകിയും സൈന്യം പാലം നിർമാണം നടത്തിയതുകൊണ്ടാണ് ഇന്ന് ഉച്ചയോടെ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞത്.
തിരച്ചിലിനായി കൂടുതൽ മണ്ണുമന്തി യന്ത്രങ്ങൾ എത്തിക്കും. 1167 പേരാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെത്താനായി കെ 9 ടീമിനെയും നിയോഗിച്ചിട്ടുണ്ട്. പോലീസിന്റെ കേഡർ നായകളും തിരച്ചിലിനായി മുണ്ടക്കൈയിലുണ്ട്. മണ്ണിലുള്ളവരെ കണ്ടെത്താൻ ഐബോഡ് പരിശോധനയും നടത്തും. കാണാതായവരുടെ ബന്ധുക്കളെ കൂടി ദുരന്തസ്ഥലത്തേയ്ക്ക് എത്തിച്ച് സ്ഥലങ്ങൾ കണ്ടെത്തും. നൂറിലധികം ആംബുലൻസുകൾ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ദുരന്തമുഖത്ത് നിന്നും ഇതുവരെ 270 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. ചാലിയാറിൽ നിന്നും ഇന്നും മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്.












