വയനാട് : ഉരുൾപൊട്ടലുണ്ടായ മേഖലകളിലെ സ്ഥിതിവിവരങ്ങൾ വിലയിരുത്താൻ
മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിൽ. അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരുകയാണ്. വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ ജില്ലയിലെ എംഎൽഎ മാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , രാഷട്രീയ പാർട്ടി നേതാക്കൾ എന്നിവർ എല്ലാം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമങ്ങളെ കാണും.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട് സന്ദർശിക്കും. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരേയും ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും ഇരുവരും സന്ദർശിക്കും.
ഇതുവരെ 276 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 240 പേരെ കാണാനില്ല എന്നാണ് അനൗദ്യോഗിക വിവരം.ചാലിയാറിൽ നിന്ന് ഇതുവരെ 127 മൃതദേഹങ്ങളാണ് ലഭിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാർഡും രംഗത്തുണ്ട്. രക്ഷാപ്രവർത്തകർ കണ്ടെടുത്ത മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ പറ്റാത്ത നിലയിലാണുള്ളത്. നൂറോളം പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 82 ദുരിതാശ്വാസ ക്യാമ്പുകളിൽ 8304 പേരാണ് കഴിയുന്നത്.
Discussion about this post